ഇടുക്കി ശാന്തൻപാറയിൽ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ നഴ്സ് പോലിസ് പിടിയില്‍

24

ഇടുക്കി: മൂന്നു വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തുക യായിരുന്ന നേഴ്സ് ആണ് പോലീസിന്റെ പിടിയിലായത്. ഇടുക്കി ശാന്തൻപാറയിൽ നിരഞ്ജന ക്ലിനിക്ക് നടത്തി വരികയായിരുന്ന കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്‌സണെയാണ്(41 )ശാന്തൻപാറ എസ് ഐ ബി വിനോദ്‌കുമാർ അറസ്റ്റ് ചെയ്തത്.

സേനാപതി പഞ്ചായത്തിലെ മുക്കുടിലിൽ മൂന്ന് വർഷമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം മുക്കുടിൽ സ്വദേശിനിയായ എൺപത്തിരണ്ടുകാരിക്ക് വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ബന്ധുക്കൾ വയോധികയെ ബിനിയുടെ ക്ലിനിക്കിൽ എത്തിച്ചു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് വേഗത്തിൽ തുന്നിക്കെട്ടിയില്ലെങ്കിൽ അപകടമാണെന്ന് പറഞ്ഞ് അവരെ ക്ലിനിക്കിലെ ഓപ്പറേഷൻ തിയേറ്ററിന് സമാനമായ മുറിയിൽ കയറ്റി.

Advertisements

തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നതിനാൽ ഏഴ് തുന്നിക്കെട്ട് തലയ്ക്കുള്ളിലും എട്ടെണ്ണം പുറത്തും വേണ്ടിവന്നുവെന്ന് പറഞ്ഞ ബിനി, തുന്നിക്കെട്ടലിനും മരുന്നുകൾക്കുമായി 4075 രൂപയുടെ ബില്ല് നൽകുകയും ചെയ്തു. ഫീസ് അമിതമാണെന്ന് പറഞ്ഞ ബന്ധുക്കൾ ഇവരുമായി തർക്കത്തിലായി. ഇതോടെ നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. ഇതിനകം തളർച്ചയും മറ്റ് അസ്വസ്ഥതകളും വർദ്ധിച്ചതിനെ തുടർന്ന് വീട്ടമ്മയെ രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ബന്ധുക്കൾ കൊണ്ടുപോയി.

തലയിെല മുറിവ് തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ലെന്ന് പരിശോധിച്ച ഡോക്ടർ‌ പറഞ്ഞതോടെ കൂടുതല്‍ പരിശോധനകൾക്കായി ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വീട്ടമ്മയുടെ ബന്ധുക്കൾ ശാന്തമ്പാറ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബിനിയുടെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ ആശുപത്രി ഉപകരണങ്ങളും ആയിരക്കണക്കിന് രൂപയുടെ അലോപ്പതി മരുന്നുകളും കണ്ടെടുത്തു.

രണ്ടുവർഷത്തെ നഴ്സിങ് ഡിപ്ലോമ പഠിച്ചശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ള ബിനി ഡോക്ടർ ചമഞ്ഞാണ് ഉള്‍ഗ്രാമമായ മുക്കുടിലിൽ ചികിത്സ നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. പാരാമെഡിക്കൽ സ്ഥാപനം ആയിരുന്നു ഈ ക്ലിനിക്ക്. രോഗികളുടെ എണ്ണവും തിരക്കും വർദ്ധിച്ചതോടെ കൂടുതൽ സൗകര്യങ്ങളുള്ള ഇപ്പോഴത്തെ മുറിയിലേയ്ക്ക് പ്രവർത്തനം മാറ്റുകയും സ്ഥാപനത്തിന്റെ പേര് നിരഞ്ജന ക്ലിനിക്ക് എന്നാക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബിനിയെ റിമാൻഡ് ചെയ്തു.

Advertisement