മിക്കപ്പോഴും ജോലിത്തിരക്ക് കൊണ്ടോ പാചകം ചെയ്യാനുള്ള മടികൊണ്ടോ ഓൺലൈൻ ഭക്ഷ്യവിതരണ ശൃഖലകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും.
അതാകുമ്പോൾ ഹോട്ടലിൽ പോവുകയും വേണ്ട പൂമുഖ വാതിൽക്കൽ ഭക്ഷണപ്പൊതി എത്തുകയും ചെയ്യും.
ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യേണ്ട താമസം, വെയിലും മഴയും വകവെയ്ക്കാതെ പത്ത് പതിനഞ്ച് മിനിട്ടുകൾക്കുള്ളിൽ ഭക്ഷണം വീടിന് മുന്നിലെത്തും.
എന്നാൽ ഇത്തരത്തിൽ ഏത് പ്രതികൂല സാഹചര്യത്തിലും ഭക്ഷണമെത്തിക്കുന്ന ഡെലിവറി ജീവനക്കാരുടെ കഷ്ടപ്പാടിനെപ്പറ്റി ചിന്തിച്ച വിജി എന്ന യുവതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുന്നത്.
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അത് കിട്ടണമെന്നേ നമ്മൾ ചിന്തിക്കാറുള്ളു.
ഡെലിവറി ജീവനക്കാരുടെ കഷ്ടപ്പാടിനെപ്പറ്റിയൊന്നും ഓർക്കാറില്ലെന്നതാണ് സത്യം. അവിടെയാണ് വിജി വ്യത്യസ്തയായിരിക്കുന്നത്.
സൊമാറ്റോ കസ്റ്റമർ കെയറും വിജിയും തമ്മിലുള്ള മനുഷ്യത്വപരമായ ഒരു ചാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
താൻ ഫുഡ് ഓർഡർ ചെയ്തെന്നും, തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പിൽ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമർ കെയറിനോട് പറയുന്നു.
ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയിൽ മഴയാണെങ്കിൽ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോൾ ഭക്ഷണം കൊണ്ടു വന്നാൽ മതിയെന്ന് പറയാൻ കഴിയുമോയെന്നും വിജി ചോദിക്കുന്നു.
താൻ അതുവരെ വിശപ്പ് സഹിച്ചോളാമെന്നും വിജി പറയുന്നു. തുടർന്ന് കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് വാലറ്റുമായി ബന്ധപ്പെടുകയും ചെയ്തു.
വരുന്ന വഴി മഴയുണ്ടെന്നും താങ്കൾ പറഞ്ഞത് പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വിജിയോട് കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് വിശദീകരിക്കുന്നു.
വിജിയുടെ നന്മ നിറഞ്ഞ മനസിന് നന്ദി പറഞ്ഞു കൊണ്ടാണ് എക്‌സിക്യൂട്ടിവ് ചാറ്റ് അവസാനിപ്പിക്കുന്നത്. ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ധാരാളം ആളുകൾ വിജിയുടെ മനുഷ്യത്വത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.