സാഹിത്യത്തിനുള്ള 2019 ലെ നോബൽ പുരസ്കാരം നേടിയ പോളണ്ട് എഴുത്തുകാരി ഓൾഗയുടെ ജീവിതം.

39

ഫഖ്റുദ്ധീൻ പന്താവൂർ

ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയത് പോളണ്ട് എഴുത്തുകാരി ഓൾഗക്കാണ്.2018 ൽ ഇവർക്ക് ബുക്കർ പുരസ്കാരവും ലഭിച്ചിരുന്നു.

Advertisements

വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് ജൻമനാട്ടിൽനിന്നു പലായനം ചെയ്യേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഓൾഗ തോകാർചുക് എന്ന എഴുത്തുകാരി. ഇപ്പോൾ ഉക്രൈനിലുള്ള പ്രദേശത്തുനിന്ന് അഭയാർഥികളായി പോളണ്ടിലേക്ക് ജീവിതം പറിച്ചുനട്ടതാണ് ഓൾഗയുടെ പിതാവിന്റെ കുടുംബം. അന്ന് ആറു വയസ്സാണ് ഓൾഗയ്ക്ക്.
കവിതയിൽ തുടങ്ങി നോവലുകളിലൂടെ പ്രശസ്തയായ ഓൾഗ തോകാർചുക് എന്ന എഴുത്തുകാരി ഇനി ലോക സാഹിത്യത്തിന്റെ നെറുകയിലാണ്.

വാഴ്സ സർവകലാശാലയിൽ മനഃശാസ്ത്രമായിരുന്നു ഓൾഗയുടെ പഠനവിഷയം. ഒരു ഡോക്ടറേക്കാൾ മനശാസ്ത്രജ്ഞനായിരിക്കാം ജനങ്ങളെ കൂടുതൽ സഹായിക്കാൻ കഴിയുന്നത് എന്ന വിചാരത്തിലാണ് ഓൾഗ വിഷയം തിരഞ്ഞെടുത്തതും പഠിച്ചതും. പഠനശേഷം ഒരു ആശുപത്രിയിൽ ലഹരിയുടെ അടിമകളായവരെ ചികിൽസിക്കുന്ന ജോലി ഏറ്റെടുത്തു. സഹപ്രവർത്തകനായ മനശാസ്ത്രജ്ഞനെ വിവാഹവും കഴിച്ചു. ഒരു മകനു ജൻമം കൊടുത്തു. അഞ്ചുവർഷമേ ദീർഘിച്ചുള്ളൂ ഓൾഗയുടെ ആശുപത്രിജീവിതം. ഒരു രോഗിയെ ചികിൽസിക്കുന്നതിനിടെ കഠിനായ ഒരു യാഥാർഥ്യം അവർ മനസ്സിലാക്കി; ആ രോഗിയേക്കാൾ ചികിൽസ വേണ്ടതു തനിക്കാണ്. അയാളേക്കാൾ അസ്വസ്ഥയാണു താൻ. ജോലി ഉപേക്ഷിച്ച ഓൾഗ ആശ്വാസം കണ്ടെത്തിയതു കവിതയിൽ. ഒരു കവിതാസമാഹാരം പുറത്തിറക്കി. തൊട്ടുപിന്നാലെ നോവൽ–ദ് ജേർണി ഓഫ് ദ് പീപ്പിൾ ഓഫ് ദ് ബുക്ക്. 17–ാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലിന് മികച്ച നവാഗത കൃതിക്കുള്ള പുരസ്കാരവും ലഭിച്ചു.ഇതോടെ ഓൾഗയെ തേടി പുസ്തകങ്ങൾ തുടർച്ചയായി വന്നു. എന്നിട്ടും 30 വയസ്സു പിന്നിട്ട ഓൾഗ അസ്വസ്ഥയായിരുന്നു അപ്പോഴും.

കുടുംബത്തെ നാട്ടിൽവിട്ട് ഒറ്റയ്ക്കൊരു യാത്ര– തായ്‍വാനിൽനിന്നു ന്യൂസിലൻഡിലേക്ക്. കഠിന ശൈത്യത്തിന്റെ പിടിയിലമർന്ന പോളണ്ടിൽനിന്നു മകനെയും കൂട്ടി മലേഷ്യയിലേക്ക് അടുത്ത യാത്ര. ഓൾഗ നയിക്കുന്നത് അനന്യമായ ജീവിതമാണ്. എഴുത്തിലെന്നപോലെ ജീവിതത്തിലും.

എഴുത്തിനുപുറമെ പോളണ്ടിൽ വീടിനടുത്ത് ഒരു ലിറ്റററി ഫെസ്റ്റിവൽ നടത്തുകയാണ് ഇപ്പോൾ ഓൾഗ. പോളണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയാണെങ്കിലും ഇംഗ്ളിഷ് ഭാഷ സംസാരിക്കുന്നവർക്കിടയിലേക്ക് വിവർത്തനത്തിലൂടെ പരിചിതയാകുന്നതേയുള്ളൂ അവർ. കഴിഞ്ഞ വർഷം ബുക്കർ പുരസ്കാരം ലഭിച്ചതോടെ ഓൾഗ കുടുതൽ പ്രശസ്തയായത്.
ഓൾഗയുടെ ആറാമത്തെ നോവലായ ഫ്ളൈറ്റ്സിനാണ് ബുക്കർ പുരസ്കാരം ലഭിച്ചത്.
യാത്രയാണു ഫ്ളൈറ്റ്സിന്റെ പ്രമേയം. അലഞ്ഞുതിരിയുന്ന ഒരു ഗോത്രത്തിന്റെ കഥയ്ക്കൊപ്പം അസ്വസ്ഥനായി യാത്ര ചെയ്യുന്ന ഒരു വ്യക്തിയുടെ നിരീക്ഷണങ്ങൾകൂടിയാണ് ഫ്ളൈറ്റ്സ്. 17–ാം നൂറ്റാണ്ടിലെ ഒരു ശരീരശാസ്ത്രജ്ഞന്റെ ജീവചരിത്രം. പാരിസിൽനിന്നു പോളണ്ടിലെ വാഴ്സോയിലേക്ക് ഒരു ഹദയത്തിന്റെ യാത്രയും നോവലിന്റെ പ്രധാനപ്രമേയത്തിലുണ്ട്. ചിന്നിച്ചിതറിയ ഘടനയാണു നോവലിന്റേത്. ഒടിഞ്ഞുനുറുങ്ങിയ ഭാഗങ്ങൾ ഓരോന്നായി പെറുക്കിയെടുത്ത് പൂർണരൂപത്തിലെത്തിക്കുന്നതുപോലെ ആദിമധ്യാന്തമുള്ള കഥ വികസിപ്പിക്കേണ്ടതു വായനക്കാരാണ്. അവരെ കഥാനിർമിതി എന്ന പ്രയത്നത്തിലേക്കു പ്രേരിപ്പിക്കാനുള്ള ശേഷിയുണ്ട് ഓൾഗയുടെ എഴുത്തിന്.

2014 ൽ പുറത്തുവന്ന ദ് ബുക്സ് ഓഫ് ജേക്കബ് എന്ന ഇതിഹാസമാനങ്ങളുള്ള ചരിത്രനോവലാണ് പോളണ്ടിൽ ഓൾഗയെ ഏറ്റവും കൂടുതൽ പ്രശസ്തയാക്കിയത്. 900 പേജുള്ള ബ്രിഹദ്കൃതി. 18–ാം നൂറ്റാണ്ടിൽ നിർബന്ധിതമായി യഹൂദൻമാരെ കത്തോലിക്കരാക്കി മതപരിവർത്തനം നടത്തിയ ഒരു മതനേതാവിന്റെ ജീവിതമാണ് ദ് ബുക്സ് ഓഫ് ജേക്കബ്. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ഓൾഗയ്ക്കു നൈക്ക് പുരസ്കാരവും നേടിക്കൊടുത്തു. പോളിഷ് ബുക്കർ എന്നാണു നൈക്ക് അറിയപ്പെടുന്നത്.

Advertisement