വിവാഹാരവം ഉയരേണ്ട വീട്ടില്‍ പ്രളയ കണ്ണീര്‍: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അഞ്ജു കതിര്‍മണ്ഡപത്തിലേയ്ക്ക്

17

മലപ്പുറം: കല്ല്യാണ പന്തലും സന്തോഷാരവവും നിറയേണ്ട വീട്ടില്‍ പ്രളയ വെള്ളം നിറഞ്ഞതോടെ വധു കതിര്‍മണ്ഡപത്തിലേയ്ക്കിറങ്ങിയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്. എല്ലാം നഷ്ടപ്പെട്ട് ആശ്രയം തേടിയെത്തിയവരുടെ ആശിര്‍വാദവും വധുവിനൊപ്പമുണ്ടായിരുന്നു. വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് അഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോയത്. കല്ല്യാണ സാരി മാത്രമാണ് കയ്യില്‍ കരുതിയത് വിവാഹത്തിനു വേണ്ടി വാങ്ങിയ മറ്റു വസ്ത്രങ്ങളും സാധനങ്ങളും വീട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ഇന്നലെ ക്യാമ്പില്‍ നിന്ന് വീട്ടിലെത്തി നോക്കിയെങ്കിലും വെള്ളം പൂര്‍ണ്ണമായി ഇറങ്ങാത്തതിനാല്‍ അത്യാവശ്യ സാധനങ്ങളുമായി തിരികെ ക്യാമ്പിലെത്തി. ഇന്ന് രാവിലെ ക്യാമ്പില്‍ നിന്ന് അണിഞ്ഞൊരുങ്ങി മലപ്പുറം തൃപുരാന്തക ശിവ ക്ഷേത്രത്തിലെ കല്ല്യാണ മണ്ഡപത്തിലെത്തി. ഇവിടെ വെച്ച് ആര്‍ഭാടങ്ങളില്ലാതെ വേങ്ങര സ്വദേശി ഷൈജു താലിചാര്‍ത്തി. ചടങ്ങുകള്‍ക്ക് ശേഷം ഷൈജുവിന്റെ വീട്ടിലേയ്ക്ക് ഇരുവരും പോയി. മലപ്പുറം താഴ്‌വാരം അഞ്ജു നിവാസില്‍ സുന്ദരന്‍-ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു.

Advertisements
Advertisement