മടക്കയാത്രയിലും വയലിന്‍ നെഞ്ചോട് ചേര്‍ത്ത് ബാലഭാസ്കര്‍

73

തിരുവനന്തപുരം: വയലിനില്‍ മായാജാലം തീര്‍ത്ത ബാലഭാസ്കര്‍ ഇനിയൊരു ഓര്‍മ മാത്രം. തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ബാലുവിന്റെ അന്ത്യയാത്രയുടെ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കള്‍ ബാലഭാസ്കറിന്റെ ശരീരത്തോടു ചേര്‍ത്തുവച്ചു.

Advertisements

മൂന്ന് വയസ്സു മുതല്‍ ബാലു വയലിന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചതാണ്. പ്രാണനേപ്പോല്‍ പ്രിയപ്പെട്ടതായിരുന്നു ബാലുവിന് സംഗീതം. തങ്ങളുടെ പ്രിയകലാകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ മകള്‍ ആദ്യം മരിച്ചിരുന്നു. പിന്നാലെയാണ് ബാലു മരണപ്പെടുന്നത്.

തൃശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചത്‌. അപകടത്തില്‍ ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു.

ഭാര്യ ലക്ഷ്‌മി ഗുരുതരാവസ്‌ഥയില്‍ വെന്റിലേറ്ററിലാണ്‌.ഡ്രൈവര്‍ അര്‍ജുനും ചികിത്സയിലാണ്‌. കെ.സി. ഉണ്ണിയുടെയും ബി. ശാന്തകുമാരിയുടെയും മകനായി 1978 ജൂലൈ പത്തിന്‌ തിരുവനന്തപുരത്താണു ബാലഭാസ്‌കറിന്റെ ജനനം. വയലിനിസ്‌റ്റ്‌ എന്ന നിലയില്‍ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കര്‍ ചെറുപ്രായത്തില്‍തന്നെ സിനിമയ്‌ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു.

17-ാം വയസില്‍ മംഗല്യപല്ലക്ക്‌ എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി.മലയാളത്തിന്‌ പുറമേ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷയിലെ സിനിമകള്‍ക്കും സംഗീതം നല്‍കി. ഏറെജനപ്രിയമായ പ്രണയഗാനങ്ങളടങ്ങിയ നിനക്കായ്‌, ആദ്യമായ്‌ എന്നീ സംഗീതആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയത്‌ ബാലഭാസ്‌കറാണ്‌

Advertisement