Home Stories

ആദ്യ അഞ്ച് കളികളിൽ നാലും ജയിച്ച് നല്ല തുടക്കമിട്ട കൊൽക്കത്ത പിന്നീട് തകർന്നതിന് കാരണം ടീമിലെ തമ്മിലടി: വെളിപ്പെടുത്തലുമായി സഹപരിശീലകൻ

39

കഴിഞ്ഞ കളി ജയിച്ചാൽ ഐപിഎല്ലിൽ പ്ലേ ഓഫ് ബർത്തുറപ്പിക്കാമായിരുന്ന മത്സരത്തിൽ മുംബൈയോട് ദയനീയ തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെ ടീമിനകത്ത് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വ്യക്തമാക്കി സഹപരിശീലകൻ സൈമൺ കാറ്റിച്ച്.

മുംബൈക്കെതിരായ തോൽവിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കാറ്റിച്ച് ടീമിനകത്തെ തമ്മിലടി സ്ഥിരീകരിച്ചത്.

Advertisements

ടീമിനകത്ത് കളിക്കാർ തമ്മിൽ അത്ര രസത്തിലായിരുന്നില്ല എന്നകാര്യം മറച്ചുവെക്കുന്നില്ലെന്ന് കാറ്റിച്ച് വ്യക്തമാക്കി. കഴിഞ്ഞ കുറേ മത്സരങ്ങളിലെ തോൽവിക്കുശേഷം അത് കൂടുതൽ പ്രകടമായി. ടീം എന്ന നിലയിൽ ഇക്കാര്യം പരിഹരിക്കേണ്ടതുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

ടീം അംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമയും കൂട്ടായ്മയുമായിരുന്നു എക്കാലവും കൊൽക്കത്തയുടെ കരുത്ത്. തുടർ തോൽവികൾക്കിടയിൽ അത് എവിടെയോ നഷ്ടമായിട്ടുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

ആദ്യ അഞ്ച് കളികളിൽ നാലും ജയിച്ച് നല്ല തുടക്കമിട്ട കൊൽക്കത്ത പിന്നീട് തുടർച്ചയായി ആറ് മത്സരങ്ങൾ തോറ്റു. ഇതിനുശേഷം രണ്ട് കളികൾ ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയെങ്കിലും അവസാന കളിയിൽ ജയിച്ചാൽ പ്ലേ ഓഫിലെത്താമെന്നിരിക്കെ മുംബൈയോട് ദയനീയ തോൽവി വഴങ്ങി.

തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് തുടർതോൽവികൾക്ക് കാരണമെന്ന് സൂപ്പർ താരം ആന്ദ്രെ റസൽ നേരത്തെ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ പിന്നിൽ നിന്ന് കുത്തുവരുമെന്ന് തനിക്ക് അറിയാമെന്ന് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും അഭിപ്രായപ്പെട്ടിരുന്നു. നാലുവർഷത്തിനിടെ ആദ്യമായാണ് കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.

Advertisement