പോര്‍ട്ട് ഓഫ് സ്പെയിന്: പാക്കിസ്ഥാന് താരം ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തിരുത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. വെസ്റ്റ്ഇന്‍ഡീസിന് എതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന താരം എന്ന നേട്ടമാണ് കോഹ്ലി സ്വന്തം പേരില്‍ എഴുതിയത്.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിനോട് കൂടുതല്‍ അടുക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോലി. ഏകദിന കരിയറിലെ 42-ാം സെഞ്ചുറി വിന്‍ഡീസിനെതിരെ നേടിയ കോലി ഒരുപിടി റെക്കോര്‍ഡുകള്‍ തകര്‍ത്തത് അപ്പോള്‍ സ്വാഭാവികം.
ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടത്തില്‍ സഹതാരം രോഹിത് ശര്‍മ്മയെ കോലി മറികടന്നു. ഓസ്ട്രേലിയക്കെതിരെ ഹിറ്റ്മാന് 37 ഇന്നിംഗ്സില്‍ പിന്നിട്ട നേട്ടം വിന്‍ഡീസിനെതിരെ കോലി 34 ഇന്നിംഗ്സില്‍ നേടി. ഓസ്ട്രേലിയക്കെതിരെ 40 ഇന്നിംഗ്സില്‍ രണ്ടായിരം റണ്‍സ് തികച്ച സച്ചിന് ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്.
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 112 പന്തില്‍ കോലി 42-ാം ഏകദിന സെഞ്ചുറിയിലെത്തി. നായകനായ ശേഷം വിന്‍ഡീസിനെതിരെ കോലിയുടെ ആറാം സെഞ്ചുറിയാണിത്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് സെഞ്ചുറികള്‍ നേടിയ ഓസീസ് മുന്‍ നായകന് റിക്കി പോണ്ടിംഗിനെ ഇക്കാര്യത്തില്‍ കോലി മറികടന്നു. സെഞ്ചുറി പ്രകടനത്തിനിടെ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍വേട്ട(11363) മറികടന്ന കോലി എട്ടാം സ്ഥാനത്തേക്കുയര്‍ന്നു.
വിന്‍ഡീസിനെതിരായ പരന്പരയിലെ രണ്ടാം മത്സരത്തില്‍ 19 റണ്‍സ് എടുത്തപ്പോഴാണ് മിയാന്‍ദാദിന്റെ റിക്കാര്‍ഡ് പഴങ്കഥയായത്. മിയാന്‍ദാദ് വെസ്റ്റ്ഇന്‍ഡീസിനെതിരെ 64 ഇന്നിംഗ്സുകളില്‍ നിന്നായി 1930 റണ്‍സാണു നേടിയത്. 1993-ല്‍ മിയാന്‍ദാദ് വിന്‍ഡീസിനെതിരേ കളി അവസാനിപ്പിച്ചു.
വെറും 34 ഇന്നിംഗ്സുകളില്‍നിന്നായി ഈ റിക്കാര്‍ഡ് തിരുത്തി എഴുതാന്‍ കോഹ്ലിക്കു കഴിഞ്ഞു. 70 ശരാശരിയിലായിരുന്നു കോഹ്ലിയുടെ നേട്ടം. ഏഴു സെഞ്ചുറിയും കോഹ്ലി വെസ്റ്റിന്‍ഡീസിനെതിരെ നേടിയിട്ടുണ്ട്.