മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നത് രാജ്യം പിടിച്ചെടുക്കാന്‍ എന്ന് ബിജെപി

26

ജയ്പൂര്‍: മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നത് രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കനാണെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. മുസ്ലീമുകള്‍ ഒരു ഡസനോളം കുട്ടികളെ ജനിപ്പിച്ച് ഹിന്ദുക്കളെ അപേക്ഷിച്ച് എണ്ണത്തില്‍ കൂടുകയും അതുവഴി രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് ലക്ഷ്യമെന്ന് ബന്‍വാരി ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് ഈ വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്. അല്‍വാര്‍ അര്‍ബനില്‍ നിന്നുള്ള നിയമസഭാംഗമാണ് ബന്‍വാരി ലാല്‍.

Advertisements

മുസ്ലീം ദമ്പതികള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കരുതെന്നും മുസ്ലീം പുരുഷന്മാര്‍ രണ്ടാം തവണയും വിവാഹം കഴിക്കരുതെന്നൂം ബന്‍സാരി ലാല്‍ പറയുന്നു. ബിഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും പെണ്‍കുട്ടികളെ വാങ്ങിയിട്ട് പോലും ഇവര്‍ മക്കളെ സൃഷ്ടിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ അല്‍വാറിലും കാണാമെന്നും ബന്‍വാരി പറയുന്നു.

വ്യക്തമായ പദ്ധതിയോടെയാണ് മുസ്ലീമുകള്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നത്. അത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഒരു മുസ്ലീം പ്രധാനമന്ത്രിയും പ്രസിഡന്റും മുഖ്യമന്ത്രിമാരും വരുന്നതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ബന്‍സാരി ലാല്‍ കൂട്ടിച്ചേര്‍ത്തു. അല്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബന്‍സാരിയുടെ ഈ പരാമര്‍ശം.

കഴിഞ്ഞ ദിവസം സുദര്‍ശന്‍ ചാനലില്‍ ഹിന്ദു സ്വാമിമാന്‍ കണ്‍വീനര്‍ യതി നരസിംഹ നന്ദ് സരസ്വതിയുടെ പ്രഭാഷണം കേള്‍ക്കുമ്പോഴാണ് ഇക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ടായതെന്നാണ് ബന്‍സാരി ലാല്‍ പറയുന്നത്. ഏതെങ്കിലും രാജ്യത്ത് മുസ്ലീം ജനസംഖ്യ 30 ശതമാനത്തില്‍ കൂടുതല്‍ ആയാല്‍ അവര്‍ ആ രാജ്യം പിടിച്ചെടക്കും. അതാണ് ചരിത്രമെന്നും സ്വാമി പറഞ്ഞിരുന്നു.

മിക്ക ഹിന്ദു കുടുംബങ്ങളിലും ഒന്നോ രണ്ടോ കുട്ടികളാണ് ഉള്ളത്. അവര്‍ ആ കുട്ടികളെ ഐഎഎസും ഐപിഎസും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ഡോക്ടറും എന്‍ജിനീയറുമൊക്ക ആക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുസ്ലീംകളാകട്ടെ രാജ്യത്തിന്റെ നിയന്ത്രണം എങ്ങനെ പിടിക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അവര്‍ എട്ടും പതിനാലും കുട്ടികളെ ജനിപ്പിക്കുന്നു. വിദ്യാഭ്യാസവും വികസനവുമൊന്നും അവര്‍ക്ക് പ്രശ്നമല്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

Advertisement