ദുരിതബാധിതര്‍ക്കൊപ്പം ഓണം ആഘോഷിച്ച് പ്രമുഖര്‍; ഒന്നിച്ച് ഓണമുണ്ട് കേരളം

26

കൊച്ചി: കനത്ത മഴമൂലമുണ്ടായ പ്രളയം സമാനതകളില്ലാത്ത വിധം തകര്‍ത്തെറിഞ്ഞിട്ടും ജാതിമതഭേദമില്ലാതെ ഓണം ആഘോഷിക്കുകയാണ് കേരളത്തിലെ ജനത. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒത്തുചേരലിന്റെയും ഹൃദയസ്പര്‍ശിയായ കാഴ്ചകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ തിരുവോണനാളില്‍ കാണാന്‍ കഴിയുന്നത്. ലോക ടെക് ഭീമനായ ആപ്പിള്‍ മുതല്‍ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ വ്യോമസേന വരെ സഹായഹസ്തവുമായി എത്തി.

കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് രാഷ്ട്രീയക്കാരും സിനിമാക്കാരും ദുരിതാശ്വാസ ക്യാംപുകളിലെത്തി പ്രളയ ബാധിതര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ഓണമുണ്ണുകയും ചെയ്തു. രാഷ്ട്രീക്കാരായ തോമസ് ഐസക്ക്, ഷാഫി പറമ്പില്‍, എം ബി രാജേഷ്, വെള്ളാപ്പള്ളി നടേശന്‍, ജി. സുധാകരന്‍, ശൈലജ ടീച്ചര്‍, സജി ചെറിയാന്‍, വി. എ. സുനില്‍ കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം സിനിമാതാരങ്ങളായ മമ്മൂട്ടി, നാദിര്‍ഷ, രമേഷ് പിഷാരടി, മുത്തുമണി, ഗായിക കെ. എസ് ചിത്ര, സ്റ്റീഫന്‍ ദേവസ്യ എന്നിവരെല്ലാം സംസ്ഥാന വിവിധ ക്യാംപികളിലെത്തി ഓണാഘോഷങ്ങളില്‍ പങ്കെടുത്തു, പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ലക്ഷകണക്കിനു വരുന്ന പ്രളയബാധിതര്‍ക്ക് ആശ്വാസവും സന്തോഷവും പകര്‍ന്നു.

Advertisements

തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാംപിലും എറണാകുളത്തെ പരവൂരിലെ ക്യാാപിലും ആയിരുന്നു മമ്മൂട്ടി എത്തിയത്. ‘നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് തളര്‍ന്നു പോകരുത്, തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചത് . അത് ഒരുമിച്ച് നിന്ന് നമ്മള്‍ വീണ്ടെടുക്കുമെന്നും’ മമ്മൂട്ടി പറഞ്ഞു. ‘മൂന്ന് കോടി ജനസംഖ്യയുളളവരില്‍ പത്ത് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചുവെന്നത് ശരിയാണ്. പക്ഷേ ബാക്കിയുളളവര്‍ ഒരുമിച്ച് നിന്നാല്‍ ഈ ദുരന്തത്തെ നേരിടാവുന്നതേയുളളൂ. നമുക്ക് ഒരു പരിചയവുമില്ലാത്തവരാണ് നമ്മുടെ ജീവിതം തിരികെ തന്നത്. എല്ലാം പോയി എന്ന് ഈ സാഹചര്യത്തില്‍ കരുതരുത്.

എല്ലാ സംവിധാനങ്ങളും സര്‍ക്കാരും രാഷ്ട്രീയ, സന്നദ്ധ പ്രവര്‍ത്തകരും മറ്റുളളവരും എല്ലാം ഒപ്പമുണ്ട്. കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ അവര്‍ക്ക് കുറച്ച് സമയം നല്‍കണം. നിങ്ങള്‍ക്ക് നല്ല ജീവിതമുണ്ടാകും. ഈ ദുരന്തത്തിന് നമ്മളെ തകര്‍ക്കാനാകില്ല. നാടിന്റെ പുനര്‍നിര്‍മ്മിതിക്ക് കാരണമാകും. ഉള്‍ക്കരുത്തോടെ നേരിടാനുളള ശക്തിയുണ്ടാകണം. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ. ധൈര്യത്തോടെ ശക്തിയോടെ ഭാവിയെ നേരിടാന്‍ കഴിയും, സങ്കടപ്പെടരുത്, മനസ്സിടിഞ്ഞ് പോകരുത് ആശ്വാസവചനങ്ങളുമായി മമ്മൂട്ടി ദുരിതബാധിതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. നാദിര്‍ഷയും രമേഷ് പിഷാരടിയും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

പാലക്കാട്ടെ ദുരിതാശ്വാസ ക്യാംപിലേക്ക് എം.എല്‍.എ ഷാഫി പറമ്പിലും എം.ബി രാജേഷും ഒന്നിച്ചാണ് എത്തിയത്. ജാതിമത കക്ഷി രാഷ്ട്രീയം ഭേദം മറന്ന് നമ്മളെല്ലാവരും ഒന്നിച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണ് ഇതെന്നും ആ രീതിയില്‍ തന്നെയാണ് ഞങ്ങളിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. മലയാളികളെ ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശം കൂടി നല്‍കുന്നുണ്ടായിരുന്നു ഇരുവരുടെയും ഒന്നിച്ചുള്ള വരവ്.

അമ്പലപ്പുഴ ഗവ: കോളേജ് ക്യാംപില്‍ വെള്ളാപ്പള്ളി നടേശനും ജി. സുധാകരനും ഒന്നിച്ചെത്തി ക്യാംപിലുള്ളവര്‍ക്കൊപ്പം ഓണം ഉണ്ടു. മാനന്തവാടി പിലാക്കാവ് ദുരിതാശ്വാസ ക്യാംപിലായിരുന്നു ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ തിരുവോണദിനം ചെലവഴിച്ചത്. ക്യാംപിലുള്ളവര്‍ക്ക് സദ്യ വിളമ്പി കൊടുത്തും പ്രളയബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കിയും ഏറെസമയം ക്യാംപില്‍ ചെലവഴിച്ചാണ് ആരോഗ്യമന്ത്രിയും മടങ്ങിയത്.

അതേസമയം, ഓണാഘോഷങ്ങള്‍ മാറ്റിവെച്ച് പ്രളയബാധിതര്‍ക്ക് ഓണസമ്മാനം നല്‍കുകയായിരുന്നു റിമി ടോമി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് തിരുവോണനാളില്‍ റിമി സംഭാവന നല്‍കിയിരിക്കുന്നത്. ഇത്രയേറെ മനുഷ്യര്‍ പരസ്പരം കരുത്തും സ്‌നേഹവും പകര്‍ന്ന് ഒന്നിച്ചുനിന്ന് ആഘോഷിക്കുന്ന ഈ ഓണം ഒത്തൊരുമയുടെ സങ്കീര്‍ത്തനമായി മാറുകയാണ്.

Advertisement