സ്വന്തം മുത്തശ്ശിയെ വൃദ്ധസദനത്തില്‍ കണ്ട കൊച്ചുമകള്‍, ആ വൈറല്‍ ചിത്രത്തിനു പിന്നിലെ സത്യം

49

വൃദ്ധസദനം സന്ദര്‍ശിക്കാന്‍ സഹപാഠികള്‍ക്കൊപ്പം എത്തിയതായിരുന്നു ആ പെണ്‍കുട്ടി.അവിടുത്തെ അന്തേവാസികളിൽ തന്റെ മുത്തശ്ശിയും ഉണ്ടാകുമെന്ന് അവള്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. അപ്രതീക്ഷിതമായി കണ്ടതുകൊണ്ടാവാം അവളുടെയും മുത്തശ്ശിയുടെയും കണ്ണുകൾ ഒരുപോലെ ഈറനണിഞ്ഞു. ഈ സംഗമത്തിന്റെ വികാരനിർഭരമായ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത് ഇയ്യിടെയാണ്. പതിനൊന്ന് വർഷത്തിനുശേഷം മാധ്യമ പ്രവർത്തകർ ഈ മുത്തശ്ശിയെയും കൊച്ചുമകളെയും തേടി കണ്ടുപിടിച്ച് സിനിമയെ വെല്ലുന്ന അവരുടെ ജീവിതകഥയുടെ ചുരുളഴിച്ചിരിക്കുകയാണ്.

സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയും മുത്തശ്ശിയും സ്വയംമറന്നു കണ്ണീര്‍പൊഴിക്കുന്ന ചിത്രമാണ് വൻ പ്രചാരം നേടിയത്. സ്‌കൂളിലെ വിനോദയാത്രയുടെ ഭാഗമായി വൃദ്ധസദനത്തിലെത്തിയ ഭക്തി എന്ന കുട്ടി അപ്രതീക്ഷിതമായി മുത്തശ്ശി ദമയന്തി ബെന്നിനെ കണ്ടപ്പോള്‍ എന്നു പറഞ്ഞാണ് ചിത്രം വൈറലായത്. മുത്തശ്ശി ബന്ധുക്കളോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത് എന്നാണ് വീട്ടുകാര്‍ കുട്ടിയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അപ്രതീക്ഷിതമായി കൊച്ചുമകളെ മുന്നില്‍ കണ്ടപ്പോള്‍ മുത്തശ്ശിക്കും ആ വാത്സല്യം അനുഭവിക്കേണ്ടിയിരുന്ന കൊച്ചുമകള്‍ക്കും വിതുമ്പലടക്കാനായില്ല, ഇരുവരുടെയും വൈകാരിക നിമിഷം ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു. എന്നും ചിത്രത്തോടൊപ്പം കഥ പരന്നു.

Advertisements

2007ല്‍ ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി കല്‍പിത് എസ് ബാചെച് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയിരുന്നത്. പത്തുവര്‍ഷത്തോളം ചിത്രത്തിനൊപ്പം പരന്ന കഥയിലും വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ മുത്തശ്ശിയെ വൃദ്ധസദനത്തിൽ തള്ളിയതല്ലെന്നാണ് പുതിയ വിവരങ്ങല്‍. ചിത്രത്തിലുള്ളത് മുത്തശ്ശിയും കൊച്ചുമകളും തന്നെയാണെങ്കിലും സമൂഹമാധ്യമത്തില്‍ വൈറലായിരുന്ന കഥ മുഴുവനും സത്യമല്ല. സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കാനായി ദമയന്തി ബെന്നും ഭക്തിയും രംഗത്തെത്തുകയും ചെയ്തു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലൂടെയാണ് പതിനൊന്നു വര്‍ഷത്തിനിപ്പുറം ഇരുവരും യഥാര്‍ഥ കഥ പങ്കുവച്ചത്.

ദമയന്തി ബെന്നിനെ വൃദ്ധസദനത്തിലാക്കിയതല്ല മറിച്ച് അത് അവര്‍ സ്വയം സ്വീകരിച്ച തീരുമാനമാണെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. തന്റെ സ്വഭാവം അല്‍പം വൈകാരികമായതുകൊണ്ടാണ് കരഞ്ഞുപോയതെന്നും അല്ലാതെ അതിനു മറ്റൊരര്‍ഥമില്ലെന്നും ദമയന്തി പറഞ്ഞു. ഭക്തിക്കാകട്ടെ തന്റെ മുത്തശ്ശി വൃദ്ധസദനത്തിലാണെന്ന് അറിയുമെങ്കിലും ഏതു വൃദ്ധസദനമാണ് എന്ന് അറിയുമായിരുന്നില്ലത്രെ. പ്രതീക്ഷിക്കാതെ മുത്തശ്ശിയെ കണ്ടതാണ് തന്നെ കരയിച്ചതെന്നാണ് ഭക്തി പറയുന്നത്. മുത്തശ്ശി കൂടെയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും മുത്തശ്ശിയുടെ സന്തോഷത്തിനു വിട്ടുകൊടുക്കുകയാണെന്നും ഭക്തി പറയുന്നു.

Advertisement