ബാംഗ്ലൂരിനെ തകർത്ത് ഡൽഹി ഒന്നാമത്; 2012നുശേഷം ആദ്യമായി പ്ലേ ഓഫ് യോഗ്യത

19

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേഓഫിന് യോഗ്യത നേടി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ പതിനാറ് റൺസിന് കീഴടക്കിയ ഡൽഹി 2012നുശേഷം ആദ്യമായാണ് പ്ലേഓഫ് കളിക്കാൻ യോഗ്യരാകുന്നത്.

ഈ ജയത്തോടെ പന്ത്രണ്ട് കളികളിൽ നിന്ന് പതിനാറ് പോയിന്റുള്ള ഡെൽഹി ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

Advertisements

മെച്ചപ്പെട്ട നെറ്റ് റൺറേറ്റാണ് അവർക്ക് തുണയായത്. ചെന്നൈയ്ക്കും പന്ത്രണ്ട് കളികളിൽ നിന്ന് പതിനാറ് പോയിന്റാണുള്ളത്. പന്ത്രണ്ട് കളികളിൽ എട്ടും തോറ്റ ആർസിബിക്ക് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനക്കാരാകാൻ തന്നെയാണ് വിധി.

ശിഖർ ധവാന്റെയും ശ്രേയസ്സ് അയ്യരുടെയും ബാറ്റിങ് കരുത്തിലാണ് ഡൽഹി ബാംഗ്ലൂരിനെതിരേ 187 റൺസ് വിജയലക്ഷ്യം കുറിച്ചത്.

37 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 50 റൺസാണ് ധവാൻ നേടിയത്. 37 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സുമടക്കം ശ്രേയസ്സ് 52 റൺസെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് സ്‌കോർ 35 ൽ നിൽക്കെ പൃഥ്വി ഷായെ നഷ്ടമായി. 10 പന്തിൽ നാലു ബൗണ്ടറിയടക്കം 18 റൺസാണ് പൃഥ്വി ഷാ നേടിയത്.

ഏഴ് പന്തിൽ ഏഴ് റൺസാണ് ഋഷഭ് പന്ത് നേടിയപ്പോൾ ഏഴ് പന്തിൽ 11 റൺസായിരുന്നു കോളിൻ ഇൻഗ്രമിന്റെ സംഭാവന. അവസാന ഓവറിൽ അക്‌സർ പട്ടേൽ റൂഥർ ഫോർഡ് സഖ്യം കലാശക്കൊട്ടു നടത്തി.

റൂഥർഫോർഡ് 13 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 28 റൺസും അക്‌സർ പട്ടേൽ ഒൻപതു പന്തിൽ മൂന്നു ബൗണ്ടറി സഹിതം 16 റൺസും നേടി പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 41 റൺസ് വഴങ്ങി. രണ്ടു വിക്കറ്റെടുത്തെു. വാഷിങ്ടൻ സുന്ദർ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

നവ്ദീപ് സെയ്‌നി നാല് ഓവറിൽ 44 റൺസ് വഴങ്ങിയും ഉമേഷ് യാദവ് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി മറുപടിയായി ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഇരുപത് ഓവറിൽ ഏഴ് വിക്കറ്റിന് 171 റൺസ് മാത്രമാണ് നേടാനായത്.

20 പന്തിൽ നിന്ന് 39 റൺസെടുത്ത പാർഥിവ് പട്ടേലാണ് ടോപ് സ്‌കോറർ. കോലി 23 ഉം ദൂബെ 24 ഉം ഗുർക്രീത് സിങ് 27ഉം സ്റ്റോയിൻസ് പുറത്താകാതെ 32 ഉം റൺസെടുത്തു.

ഡൽഹിക്കുവേണ്ടി റബാഡയും മിശ്രയും രണ്ട് വീതവും ഇശാന്തും അക്സർ പട്ടേലും റൂതർഫോർഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement