ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസ് എടുക്കാന്‍ ആവില്ല; ഹൈക്കോടതി

20

കൊച്ചി: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കാറുള്ളത്.

Advertisements

ഇത്തരത്തില്‍ കേസ് എടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് ആരോപിച്ചുകൊണ്ടാണ് പോലീസ് കേസ്.

ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ. മാത്രമല്ല പോലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല. അതിനാല്‍ അങ്ങനെ വാഹനം ഓടിക്കുന്ന ആള്‍ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

(നിയമത്തില്‍ അതിനായി വ്യവസ്ഥക്ക് നിയമസഭയില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കണം)

പോലീസ് ആക്ടില്‍ 118 (ഇ) വകുപ്പ് സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നല്‍കിയിരുന്ന സാഹചര്യത്തിലാണ് കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.

ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.

Advertisement