മധുര പ്രതികാരം, സിഡ്‌നിയോട് പകരം വീട്ടി പൂജാര: വെടിക്കെട്ടുമായി പന്തും ജഡേജയും,

19

ഓസ്‌ട്രേലിയക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഏഴിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

അവസാന സെഷനുകളില്‍ തകര്‍ത്തടിച്ച ജഡേജയുടേയും റിഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

Advertisements

പന്ത് 159 റണ്‍സുമായി പുറത്താകാതെ നിന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ അതിവേഗ ബാറ്റിംഗ് പ്രകടനം.

ജഡേജ 81 റണ്‍സെടുത്ത് പുറത്തായി. 114 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് ജഡേജ 81 റണ്‍സെടുത്തത്.

അതെസമയം പൂജാരയ്ക്ക് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി ഏഴ് റണ്‍സ് അകലെ നഷ്ടിമായി. 373 പന്തില്‍ 22 ബൗണ്ടറി സഹിതം 193 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്.

ലിയോണിന്റെ പന്തില്‍ അദ്ദേഹത്തിന് തന്നെ ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ആദ്യ ദിനം കളിയവസാനിപ്പിച്ച ഇന്ത്യയുടെ ഇന്നത്തെ തുടക്കം മോശമായിരുന്നു.

സ്‌കോര്‍ 329-ല്‍ എത്തിയപ്പോള്‍ 42 റണ്‍സെടുത്ത ഹനുവ വിഹാരിയെ നഷ്ടമായി.

എന്നാല്‍ പിന്നീട് ചേതേശ്വര്‍ പൂജാരക്കൊപ്പം പന്ത് നിലയുറപ്പിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 89 റണ്‍സ് ആയപ്പോഴേക്കും പൂജാര പുറത്തായി.

എന്നാല്‍ പന്തിന് ഉറച്ച പിന്തുണയുമായി ജഡേജ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇരുവരും ഏഴാം വിക്കറ്റില്‍ 204 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ടീമില്‍ സ്ഥിരാംഗമായതിന് ശേഷം ചേതേശ്വര്‍ പൂജാര ആദ്യമായി ടീം ഇന്ത്യയില്‍ നിന്നും പുറത്താകുന്നത് സിഡ്‌നിയില്‍ വെച്ചായിരുന്നു.

കഴിഞ്ഞ ഓസ്‌ട്രേലിയന് പര്യടനത്തിലെ സിഡ്‌നിയില്‍ വെച്ച് നടന്ന നാലാം ടെസ്റ്റിലായിരുന്നു പൂജാര ആദ്യമായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്.

പിന്നീട് പൂജാര നേരിടേണ്ടി വന്നത് നിരവധി ചോദ്യശരങ്ങളായിരുന്നു.

അതുവരെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട പൂജാരയ്ക്ക് നേര പിന്നീട് വിമര്‍ശനങ്ങള്‍ നിരവധി മുഴങ്ങി.

വിദേശമണ്ണിലെ പ്രകടനങ്ങളും സ്‌ട്രൈക്ക് റേറ്റും ചോദ്യംചെയ്യപ്പെട്ടു.

ഓട്ടത്തിന് വേഗതയില്ല, മോശം ഫീല്‍ഡറാണ് തുടങ്ങിയ വിമര്‍ശനങ്ങളും ഉണ്ടായി.

കോച്ച് രവി ശാസ്ത്രി ടീമിലെ ഏറ്റവും മികച്ച 5 ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി പോലും പുജാരയെ പരിഗണിച്ചിരുന്നില്ല!.

ഇപ്പോള്‍ തന്റെ രക്തം വീണ സിഡ്‌നിയില്‍ പുജാര ചരിത്രമെഴുതിയിരിക്കുന്നു.

മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് സീരീസ് ജയിക്കും.

എല്ലാറ്റിനും നാം കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്. അമരത്വമുള്ളൊരു 193 റണ്‍സ്. കിട്ടാതെ പോയ ഏഴു റണ്‍സ് ഈ ടീംമാനെ സംബന്ധിച്ചിടത്തോളം നിസ്സാരം.

Advertisement