ഒന്നാം വിവാഹ വാര്‍ഷികത്തില്‍ അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കി, ഭര്‍ത്താവിനെ കൊന്ന വീട്ടുകാരെ ഭയന്ന് അമ്മയും കുഞ്ഞും രഹസ്യ കേന്ദ്രത്തില്‍

65

തെലങ്കാനയില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ പ്രണയ് കുമാറിന്റെ ഭാര്യ അമൃത വര്‍ഷിണി അമ്മയായി.

ആണ്‍കുഞ്ഞിനാണ് അമൃത ജന്മം നല്‍കിയത്. അമൃത- പ്രണയ് ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെയാണ് അമൃത കുഞ്ഞിന് ജന്മം നല്‍കിയതും.

Advertisements

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും എന്നാല്‍ കുഞ്ഞിന്റെ സുരക്ഷയോര്‍ത്ത് ആശങ്കയുണ്ടെന്നും പ്രണയുടെ പിതാവ് പറഞ്ഞു. അമൃതയ്ക്കും കുഞ്ഞിനും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സുപ്രണ്ടിന് കത്തെഴുതിയിട്ടുണ്ടെന്നും ബാലസ്വാമി പറഞ്ഞു.

” സന്തോഷിക്കേണ്ട സമയമായിരുന്നു ഇത്. പക്ഷേ ദു:ഖം മാത്രമാണ് മനസില്‍. ആ കുഞ്ഞിന്റെ മുഖം കാണാന്‍ എന്റെ മകനുണ്ടായില്ല. കുഞ്ഞിനെ കാണാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു. കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. പക്ഷേ അതിനിടെ അവര്‍ അവനെ ഇല്ലാതാക്കി. നല്ലൊരു ജീവിതം നയിക്കാന്‍ അവര്‍ക്കാകുമായിരുന്നു. പക്ഷേ അനുവദിച്ചില്ല- ബാലസ്വാമി പറയുന്നു.

അമൃതയുടെ ബന്ധുക്കളില്‍ നിന്നും ആക്രമണം ഉണ്ടാകുമോ എന്ന ഭയമുള്ളതിനാല്‍ തന്നെ ഇവര്‍ എവിടെയാണ് ഇപ്പോള്‍ ഉള്ളതെന്ന കാര്യം ബാലസ്വാമി വെളിപ്പെടുത്തിയിട്ടില്ല.

2018 സെപ്റ്റംബര്‍ 14 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. തെലങ്കാനയിലെ നാല്‍കൊണ്ട ജില്ലയിലെ മിര്‍യല്‍ഗൊണ്ടയില്‍ വെച്ചായിരുന്നു പ്രണയിയെ അമൃതയുടെ അച്ഛനും അമ്മാവനും കൊടുത്ത ക്വട്ടേഷന്‍ പ്രകാരം അക്രമി വെട്ടിക്കൊന്നത്. 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നു അതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ജ്യോതി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയിനെ പുറകില്‍ നിന്നും വെട്ടിയത്. വെട്ടേറ്റു നിലത്തുവീണ പ്രണയിയിനെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നത് ആശുപത്രിയുടെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

വ്യത്യസ്ത ജാതിയില്‍പ്പെട്ട അമൃതയും പ്രണയും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം ചെയ്തത്. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

ഭര്‍ത്താവിനെ വെട്ടിക്കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങി അമൃത വര്‍ഷിണി രംഗത്തെത്തിയിരുന്നു.. ‘ജസ്റ്റിസ് ഫോര്‍ പ്രണയ്’ എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയായിരുന്നു പൊതുജനത്തിന്റെ സഹായത്തോടെ അമൃത പോരാട്ടത്തിനൊരുങ്ങിയത്.

Advertisement