പിഞ്ചുകുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് പരീക്ഷയെഴുതിയ യുവതിക്ക് ലഭിച്ചത് അത്ഭുതപ്പെടുത്തുന്ന മാര്‍ക്ക്

20

കാബൂള്‍: രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി വെറും നിലത്തിരുന്ന് പരീക്ഷയെഴുതിയ അമ്മയുടെ ചിത്രങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മ കാണും. സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ചിത്രത്തിലെ പെണ്‍കുട്ടി മികച്ച മാര്‍ക്കോടെ പ്രവേശനപ്പരീക്ഷ പാസായിരിക്കുകയാണിപ്പോള്‍. 200 ല്‍ 152 മാര്‍ക്കു വാങ്ങിയാണ് ജഹാന്‍ മികച്ച മാര്‍ക്ക് സ്വന്തമാക്കിയത്. മാര്‍ക്ക് മാത്രമല്ല ജഹാന്‍താബ് എന്ന 25 വയസ്സുകാരിയുടെ ജീവിതവും എല്ലാവരേയും അദ്ഭുതപ്പെടുത്തും.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ താബ് ആറ് മണിക്കൂര്‍ യാത്ര ചെയ്താണ് പരീക്ഷയ്‌ക്കെത്തിയത്. കര്‍ഷകനാണ് താബിന്റെ ഭര്‍ത്താവ്. യുവതി ആഗ്രഹിക്കുന്നിടത്തോളം പഠിപ്പിക്കാന്‍ തയ്യാറായി ഭര്‍ത്താവ് ഉണ്ടെങ്കിലും ഇവരുടെ സാമ്പത്തിക അവസ്ഥ അതിനെല്ലാം തടസ്സമാണ്. കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതിയ ഈ അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

Advertisements

പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ യാഹ്യ ഇര്‍ഫാനാണ് യുവതിയുടെ ഫോട്ടോ എടുക്കുകയും പിന്നീട് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തത്. പിഞ്ചുകുഞ്ഞിനെയും കൊണ്ട് പരീക്ഷ എഴുതിയ താബിന്റെ ശ്രമത്തിനെ നിരവധി പേര്‍ പ്രോത്സാഹിപ്പിച്ചു. അഫ്ഗാനിലെ യുവതിക്ക് പ്രചോദനമാകട്ടെ എന്നു കരുതി മാത്രമാണ് അധ്യാപകന്‍ ഫോട്ടോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തത്. എന്നാല്‍ അധ്യാപകന്റെ കണക്കുകൂട്ടലുകളെ മറികടന്ന് ചിത്രം ലോകമെമ്പാടും വൈറലായി.

‘എന്റെ സഹോദരന്‍ കാബൂളിലാണ് ജോലിചെയ്യുന്നത്. ഫേസ്ബുക്കിലൂടെ ചിത്രം കണ്ടുവെന്നു പറഞ്ഞ് അദ്ദേഹമെന്നെ വിളിച്ചിരുന്നു. ഞാന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, എന്റെ ഗ്രാമത്തിനുവേണ്ടി അവിടെ ചില മാറ്റങ്ങളുണ്ടാക്കുന്നതിനുവേണ്ടി അതിലുപരി എന്റെ മക്കള്‍ക്കുവേണ്ടി എനിക്ക് വിദ്യാഭ്യാസം നേടണമായിരുന്നു’. ജഹാന്‍ പറയുന്നു.

ജഹാന്റെ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും ഒരു ചെറിയ എന്‍ജിഒ സംഘടനയുടെ നടത്തിപ്പുകാരിയായ സാറ യഗാനയാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്ന സാറ.ജഹാനയെക്കുറിച്ച് കുറിപ്പുകളെഴുതുകയും അധികൃതരുമായി ബന്ധപ്പെട്ട് ജഹാനയുടെ ഫീസിന്റെ കാര്യത്തിലും വീട്ടുവാടകയുടെ കാര്യത്തിലും വേണ്ട സാമ്പത്തികസഹായം ചെയ്യുകയും ചെയ്തു. തന്നെ ഏറ്റവും കൂടുതല്‍ അദ്ഭുതപ്പെടുത്തിയത് ജഹാന്റെ ഭര്‍ത്താവിന്റെ നിലപാടാണെന്നും പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന ആളായിരുന്നിട്ടും അദ്ദേഹം ഭാര്യയുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അവര്‍ പറയുന്നു.

എന്റെ ഭാര്യയെക്കുറിച്ച് എനിക്കഭിമാനം മാത്രമേയുള്ളൂ ജഹാന്റെ ഭര്‍ത്താവ് മൂസ മുഹമ്മദി പറയുന്നു. എനിക്ക് അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഇല്ല. എന്റെ കുഞ്ഞുങ്ങള്‍ക്കെങ്കിലും അങ്ങനെ വരരുതെന്നാണ് എന്റെ ആഗ്രഹം. റോഡിലെ സൈന്‍ ബോര്‍ഡുകളില്‍ എന്താണെഴുതിയിരിക്കുന്നത് എന്നെനിക്കു വായിക്കാന്‍കഴിയില്ല. അതുപോലെ മെഡിക്കല്‍ ഷോപ്പിലൊക്കെ പോയാല്‍ അവര്‍ തരുന്ന ഗുളികളുടെ പേരുപോലും വായിക്കാന്‍ എനിക്കറിയില്ല.

ഇതൊക്കെ എനിക്കേറെ പ്രയാസമുണ്ടാക്കിയ കാര്യങ്ങളാണ്. മാര്‍ച്ചില്‍ നടന്ന പ്രവേശനപ്പരീക്ഷ എഴുതാന്‍ തയാറെടുക്കും മുമ്പ് ഞാന്‍ അവളോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം. കൊടുംചൂടിനെ വകവെയ്ക്കാതെ കുട്ടികളെ വീട്ടുകാര്‍ അവളുടെ അടുത്തേക്ക് പറഞ്ഞയച്ചപ്പോഴാണ് വിദ്യാഭ്യാസത്തിന് അവര്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്നെനിക്കു മനസ്സിലായത്’.

Advertisement