വമ്പൻ അട്ടിമറിയുമായി ബംഗ്ലാ കടുവകൾ; 21 റൺസിന് ദക്ഷിണാഫ്രിക്കയെ തകർത്തു, ലോകകപ്പിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തുന്നത് രണ്ടാം തവണ

17

ലോകകപ്പിൽ വമ്പൻ അട്ടിമറിയുമായി ബംഗ്ലാദേശ് അരങ്ങേറി. പേരുകേട്ട ബൗളിങ് നിരയുമായെത്തിയ ദക്ഷിണാഫ്രിക്കയെ 21 റൺസിന് തോൽപ്പിച്ചാണ് ലോകകപ്പിൽ കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കുന്ന ബംഗ്ലാദേശ് തുടങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുക്കാനാണ് സാധിച്ചത്.

Advertisements

മുസ്തഫിസുർ റഹ്മാന്റെ മൂന്നും മുഹമ്മദ് സെയ്ഫുദീന്റെ രണ്ട് വിക്കറ്റ് പ്രകടനവും ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായി.

62 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. എയ്ഡൻ മാർക്രം (45), റസ്സി വാൻ ഡർ ഡസ്സൻ (41), ഡേവിഡ് മില്ലർ (38), ക്വിന്റൺ ഡി കോക്ക് (23), ആൻഡിലെ ഫെഹ്ലുക്വായോ (8), ക്രിസ് മോറിസ് (10),

ജെ.പി ഡുമിനി (45) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകൾ. കഗിസോ റബാദ (13), ഇമ്രാൻ താഹിർ (10) പുറത്താവാതെ നിന്നു.

നേരത്തെ, ഷാക്കിബ് അൽ ഹസൻ (75), മുഷ്ഫിഖർ റഹീം (78) എന്നിവരുടെ അർധ സെഞ്ചുറികളാണ് ബംഗ്ലാദേശിനെ കൂറ്റൻ സ്‌കോർ നേടാൻ സഹായിച്ചത്.

സൗമ്യ സർക്കാർ (42), മഹ്മുദുള്ള (33 പന്തിൽ 46) എന്നിവരുടെ പിന്തുണ കൂടി ലഭിച്ചപ്പോൾ ബംഗ്ലാദേശ് തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ കണ്ടെത്തുകയായിരുന്നു.

പാക്കിസ്ഥാനെതിരെ നേടിയ 326 റൺസാണ് ഇന്ന് അവർ മറികടന്നത്. തമീം ഇഖ്ബാൽ (16), മുഹമ്മദ് മിഥുൻ (21), മൊസദെക് ഹൊസൈൻ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

മഹ്മുദുള്ളയ്ക്കൊപ്പം മെഹ്ദി ഹസൻ (5) എന്നിവർ പുറത്താവാതെ നിന്നു. 21 റൺസ് എക്‌സ്ട്രാ ഇനത്തിലും ബംഗ്ലാദേശിന് ലഭിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാൻ താഹിർ, ആൻഡിലെ ഫെഹ്ലുക്വായോ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ വിക്കറ്റിൽ തമീം-സൗമ്യ സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു.

കഗിസോ റബാദ, ലുഗി എൻഗിഡി, മോറിസ് എന്നിവർ അടങ്ങുന്ന പേസ് നിരയ്‌ക്കെതിരെ ബംഗ്ലാ താരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഒമ്പതാം ഓവരിൽ തമീമാണ് ആദ്യം പുറത്തായത്.

സ്‌കോർ 75ൽ നിൽക്കെ 12ാം ഓവറിൽ സൗമ്യയും പവലിയനിൽ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേർന്ന ഷാക്കിബ്- മുഷ്ഫിഖുർ സഖ്യം 142 റൺസ് കൂട്ടിച്ചേർത്തു.

മഹ്മുദുള്ള- മൊഹദെക്ക് എന്നിവർ അവസാന ഓവറുകളിൽ തകർത്തടിച്ചപ്പോൽ സ്‌കോർ 330 ലെത്തി. ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു.

ലോകകപ്പിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുന്നത് രണ്ടാം തവണയാണ്. 2007ലെ ലോകകപ്പിൽ ആയിരുന്നു ആദ്യ അട്ടിമറി. അന്നത്തെ ടീമിലുണ്ടായിരുന്ന 4 പേർ ഇപ്പോൾ ബംഗ്ലാദേശ് നിരയിലുണ്ട്.

ലോകകപ്പിൽ ഇന്ത്യക്ക് പുറത്തേക്കുള്ള വഴി കാട്ടി കൊലകൊല്ലിയായി മുന്നേറിയ ബംഗ്ലാദേശ്. ഗയാനയിലെ സൂപ്പർ എട്ട് പോരാട്ടം.

ഗ്രേം സ്മിത്തും, കാലിസും, പൊള്ളോക്കും,ഗിബ്‌സുമെല്ലാം അടങ്ങിയ വമ്പൻ നിരയാണ് എതിരാളികൾ. ആദ്യ ബാറ്റിംഗ് ബംഗ്ലാദേശിന്.

തമീം ഇക്ബാലും ജാവേദ് ഒമറും കരുതലോടെ തുടങ്ങി. മുഹമ്മദ് അഷ്‌റഫുൾ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു.

ഒരു വശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും അഷ്‌റഫുൾ ഉറച്ച് നിന്നു. അഞ്ചാം വിക്കറ്റിൽ അഫ്താബ് അഹമ്മദിനെ കൂട്ട് കിട്ടിയതോടെ സ്‌കോർ 150 കടത്തി.

മൊർതാസ കൂടി പൊരുതിയതോടെ 251 ൽ എത്തി ബംഗ്ലാ കടുവകൾ. മറുപടിക്ക് ബാറ്റെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു.

100 റൺസനിടെ ആറ് ബാറ്റ്‌സ്മാൻമാർ മടങ്ങി. ബൗച്ചറെയും കെൻപിനെയും പുറത്താക്കിയത് ഷാക്കിബ് അൽ ഹസനായിരുന്നു.

പ്രോട്ടീസ് 184 റൺസിന് പുറത്തായപ്പോൾ 56 റൺസുമായി ഗിബ്‌സ് ഒരു വശത്ത് നിസഹായനായി നിൽപ്പുണ്ടായിരുന്നു.

പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ദക്ഷിണാഫ്രിക്ക മറ്റൊരു നാണക്കേട് ഏറ്റു വാങ്ങുമ്പോൾ മറുവശത്ത് പടനായകരായി തമീം ഇക്ബാലും, ഷക്കീബ് അൽ ഹസനും, മുഷ്ഫിഖർ റഹീമും, മഷ്‌റഫെ മൊർതാസയും ഇപ്പോഴും ബംഗ്ലാ ടീമിലുണ്ട്.

Advertisement