വിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹാ ലിയുടെ 42ാം ഏകദിന സെഞ്ചുറിക്കിടയിലും രസംകൊല്ലിയായി മഴ. ഇന്ത്യ 42.2 ഓവറിൽ നാല് വിക്കറ്റിന് 233 റൺസെന്ന നിലയിൽ നിൽക്കവേയാണ് മഴയെത്തിയത്. ശ്രേയാസ് അയ്യരും(58 റൺസ്), കേദാർ ജാദവും(6 റൺസ്) ആണ് ക്രീസിൽ.
57 പന്തിൽ അമ്പത്തിയഞ്ചാം ഏകദിന അർധ സെഞ്ചുറി തികച്ച കോഹ് ലി 112 പന്തിൽ 42ാം സെഞ്ചുറിയിലെത്തി. ഇതിനിടെ ഒരുപിടി റെക്കോർഡുകളും ഇന്ത്യൻ നായകൻ പേരിലാക്കി. 125 പന്തിൽ 120 റൺസെടുത്ത കോഹ് ലിയെ ബ്രാത്ത്വെയ്റ്റ് 42ാം ഓവറിൽ റോച്ചിന്റെ കൈകളിലെത്തിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്.

ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമ്മയും നാലാമൻ ഋഷഭ് പന്തും നേരത്തെ പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗാരംഭിച്ച ഇന്ത്യയെ തുടക്കത്തിലെ വെസ്റ്റ് ഇൻഡീസ് ഞെട്ടിച്ചു. രണ്ട് റൺസിൽ നിൽക്കേ ശിഖർ ധവാനെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ കോട്രൽ എൽബിയിൽ പുറത്താക്കി.
16ാം ഓവറിൽ രോഹിതിനെ പൂരാൻറെ കൈകളിലെത്തിച്ച് ചേസ് അടുത്ത ബ്രേക്ക് ത്രൂ നൽകി. 18 റൺസാണ് രോഹിത് നേടിയത്. ഋഷഭ് പന്ത് 20 റൺസിലും പുറത്തായി. ഇതിന് ശേഷം കോഹ്‌ലി ശ്രേയാസ് സഖ്യം ഇന്ത്യൻ ഇന്നിംഗ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

പ്രായം 30, മുന്നിൽ സച്ചിൻ മാത്രം എങ്കിലും ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് ലക്ഷ്യമാക്കി കോലി അതിവേഗം ബാറ്റേന്തുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി തികച്ച് കോലി തൻറെ അക്കൗണ്ടിൽ 42 ശതകങ്ങൾ എഴുതിച്ചേർത്തു. മുന്നിലുള്ള സച്ചിൻറെ പേരിലുള്ളത് 49 സെഞ്ചുറികൾ.
നാൽപ്പത്തിരണ്ടാം സെഞ്ചുറി തികച്ച് ഗാലറിയിലേക്ക് കോലി ബാറ്റ് വീശുമ്പോൾ ക്രിക്കറ്റ് ലോകം ഒന്നാകെ കയ്യടിക്കുകയായിരുന്നു. സൗരവ് ഗാംഗുലി, ആകാശ് ചോപ്ര, ആർ പി സിംഗ് അങ്ങനെ മുൻതാരങ്ങളുടെ വലിയ പട്ടികതന്നെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
            








