വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍: പിടിയിലായ പ്രവാസി യുവാവിന് വധശിക്ഷ ലഭിക്കാന്‍ സാധ്യത; മറ്റൊരു പ്രതിയായ ഭാര്യ ഒളിവില്‍

18

കുവൈറ്റ്: അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ കണ്ടെത്തിയ ഫിലിപ്പൈന്‍ സ്വദേശിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട്. പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. പ്രതിയുടെ ഭാര്യയും കുറ്റക്കാരിയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സിറിയന്‍ സ്വദേശിയായ മോണ ഹാസൂണ്‍ ഒളിവിലാണെന്നാണ് വിവരം. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നും വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസമാണ് പ്രതി കസ്റ്റഡിയില്‍ ആയ വിവരം ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്. 2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈറ്റിലെ അപാര്‍ട്ട്മെന്റിലെ ഫ്രീസറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

Advertisements

കുവൈറ്റില്‍ ഫിലിപ്പൈന്‍സ് ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.

ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് നിരപരാധിയെന്നാണ് അദ്ദേഹത്തിന്റെ മാതാവിന്റെ വിശദീകരണം. മകന്‍ ഉത്തരവാദിത്തമുള്ള നല്ലൊരു പുരുഷനാണെന്നും അവന്റെ ഭാര്യ വീട്ടുജോലിക്കാരിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നത് താന്‍ കണ്ടിരുന്നെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. വീട്ടുജോലിക്കാരിയെ ഇഷ്ടമല്ലെങ്കില്‍ പറഞ്ഞുവിടാന്‍ മരുമകളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് കേള്‍ക്കാന്‍ അവള്‍ തയാറായില്ല. ക്രൂരത കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് കുവൈറ്റില്‍ നിന്ന് മടങ്ങിയതെന്നും നാദിറിന്റെ മാതാവ് പറഞ്ഞു.

Advertisement