പുതുപൊന്നാനിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം: യുവാവിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു

12

പൊന്നാനി: പുതുപൊന്നാനിയിലെ ഇരുപ്രദേശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവിന്റെ കണ്ണിന് ഗുരുതരമായ പരുക്ക്. ജിലാനി നഗറിലെ റഹീമിന്റെ കണ്ണിനാണ് ചെങ്കോട്ടയിലെ ഒരു വിഭാഗത്തിന്റെ ആക്രമണത്തില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്.

മാസങ്ങള്‍ക്കു മുന്‍പ് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കം മനസ്സില്‍വച്ച് ചെങ്കോട്ടയിലെ ഒരു കൂട്ടം ആളുകള്‍ യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുകയായിരുന്നു. പുതുപൊന്നാനി ജീലാനി നഗറില്‍ കുന്നത്തകത്ത് റഹീ(18)മിന്റെ വലതുകണ്ണാണ് കമ്പികൊണ്ടു കുത്തിപ്പൊട്ടിച്ചത്. റഹീമിന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്നും കണ്ണു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയപോലും സാധ്യമാകാത്ത അവസ്ഥയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും ഒരാളെപ്പോലും പൊലീസ് പിടികൂടിയില്ല.

Advertisements

പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ഒ.ഒ.ഷംസുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. മര്‍ദനത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തെതുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം, പ്രതികളെല്ലാം ഒളിവിലാണെന്നും ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊന്നാനി സിഐ സണ്ണി ചാക്കോ അറിയിച്ചു.

കഴിഞ്ഞദിവസം വെളിയങ്കോട്ടുനിന്ന് പൊന്നാനിയിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയായിരുന്നു റഹീമിനുനേരെ ആക്രമണമുണ്ടായത്. രണ്ടു ബൈക്കിലായെത്തിയ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. റഹീം ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

സ്‌കൂള്‍ പഠനകാലത്ത് നടന്ന തര്‍ക്കമാണ് ഇരു പ്രദേശത്തെയും സംഘര്‍ഷത്തിലെത്തിച്ചത്.ചെങ്കോട്ടയിലെ ആളുകള്‍ ഇതിനു മുന്‍പും ജീലാനി നഗറിലെ യുവാക്കളെ ക്രൂരമായി മര്‍ദ്ധിച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള ആക്രമണത്തില്‍ പലപ്പോഴായി 6 പേര്‍ക്ക് പരുക്കേറ്റിരുന്നു.പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് വ്യാപക വിമര്‍ശനം.

Advertisement