വാഴയെ കല്യാണം കഴിക്കേണ്ടി വന്ന യുവാവിന്റെ കഥ: ‘മണിയറയിലെ അശോകൻ’ നല്ലൊരു ഫീൽഗുഡ് സിനിമ: ഫഖ്‌റുദ്ധീൻ പന്താവൂർ എഴുതുന്നു

108

-ഫഖ്‌റുദ്ധീൻ പന്താവൂർ

മഴ പെയ്യാത്തതിന് തവളക്കല്യാണവും കഴുതക്കല്യാണവും നാം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ വാഴയെ കല്യാണം കഴിക്കേണ്ടി വന്ന യുവാവിന്റെ കഥ പറയുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന സിനിമയിൽ.

Advertisements

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഷംസു സായ്ബയാണ്. അക്കരകാഴ്ചകൾ എന്ന സീരിയലിലൂടെയും ദുൽഖർ നായകനായ എബിസിഡിയിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ ജേക്കബ് ഗ്രിഗറിയാണ് മണിയറയിലെ അശോകനിലെ നായകൻ.

വയലത്താണി എന്ന ഗ്രാമത്തിലെ വില്ലേജ് ഓഫീസിലെ ക്ലർക്കാണ് അശോകൻ. സമപ്രായക്കാർ പലരും കല്യാണം കഴിച്ചിട്ടും അശോകന്റെ കല്യാണം മാത്രം ശരിയായില്ല. ഉയരക്കുറവും ക്ലർക്ക് ജോലിയുമാണ് വില്ലനായത്. ഒരു ശരാശരി മലയാളി യുവാവിന്റെ എല്ലാ അപകർഷതാ ബോധവുമുള്ള വ്യക്തിയാണ് അശോകൻ. വിവാഹം നടക്കാത്തതിൽ ഏറെ സങ്കടമുള്ളയാളുമാണ്.

ഒടുവിൽ എതിർപ്പുകളെ അവഗണിച്ച് പ്രണയം വിവാഹത്തിലെത്തുന്നു. ഇതിനിടയിലാണ് അശോകന് വാഴക്കല്യാണം നടത്തേണ്ടി വരുന്നത്. തുടർന്ന് അശോകന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തിരക്കഥയുടെ ചെറിയൊരു പാളിച്ച രസക്കേടായി മാറുന്നുണ്ടെങ്കിലും ഗ്രാമീണ ഭംഗിയിൽ കണ്ടിരിക്കാവുന്ന ദൃശ്യങ്ങൾ സിനിമയെ മനോഹരമാക്കിയിട്ടുണ്ട്.

കേൾക്കാൻ സുഖമുള്ള പാട്ടുകളും എടുത്തുപറയേണ്ടതു തന്നെ. കുടുംബവും കുട്ടികളുമൊന്നിച്ച് കണ്ടിരിക്കാവുന്ന ഈ സിനിമയിലെ സ്വാഭാവിക തമാശകളാൽ സമ്പന്നവുമാണ്. നല്ലൊരു ഫീൽഗുഡ് സിനിമയാണ് മണിയറയിലെ അശോകൻ. ചിത്രത്തിൽ നടൻ സണ്ണി വെയ്‌നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയൻ എന്ന കഥാപാത്രത്തെ ആണ് സണ്ണി വെയ്ൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഏറ്റവും രസകരമായ കാര്യം ചിത്രത്തിൽ സണ്ണി വെയ്‌ന്റെ ഭാര്യയായി അഭിനയിക്കുന്നത് യഥാർത്ഥ ജീവിതത്തിലെ സണ്ണി വെയ്‌ന്റെ ഭാര്യയായ രഞ്ജിനിയാണ്. ഭാര്യയും ഭർത്താവും ഒന്നിച്ച് സ്‌ക്രീൻ എത്തിയപ്പോൾ പ്രേക്ഷകർക്കും അത് സുഖമുള്ള ഒരു കൗതുകമായി. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ചിത്രത്തിന്റെ അസോസിയേറ്റ് തന്നെയായ അനുപമ പരമേശ്വരൻ, ശ്രിന്ദ ശിവദാസ്, ഒനിമ കശ്യപ്, രണ്ട് സസ്പെൻസ് നായികമാരും ചിത്രത്തിൽ എത്തുന്നുണ്ട്. വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാത്ത ചെറിയ ഒരു സിനിമയാണ് മണിയറയിലെ അശോകൻ. ഇതിന് പുറമേ അനുസിതാരയും ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്‌കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്

Advertisement