ഒരുപാട് കളിയാക്കൽ കേട്ടു, കുറെ തിരിച്ചടികളും വിഷമതകളും നേരിട്ടു, ഡിപ്രഷനിലേക്ക് പോകുമോ എന്ന് ഭയപ്പെട്ടു: വെളിപ്പെടുത്തലുമായി നടി സ്‌നേഹ ബാബു

203

സൂപ്പർഹിറ്റ് വെബ് സീരിസായ കരിക്കിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നടി സ്നേഹ ബാബു. മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരം കൂടിയാണ് സ്‌നേഹാ ബാബു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയാണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം ഗാനഗന്ധർവ്വൻ, തേരാ പാരാ തുടങ്ങിയ ചിത്രങ്ങളിലും സ്‌നേഹ ബാബു അഭിനയിച്ചു. ഇപ്പോൾ താരം സിനിമയിലേക്ക് ഉള്ള വരവിനെ കുറിച്ചും ജീവിതത്തെ കുറിച്ചും എല്ലാം തുറന്ന് പറയുകയാണ് സ്‌നേഹ.

Advertisements

ഒരു ആർട്ടിസ്റ്റ് ആകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു എന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലൂടെ സ്‌നേഹ വെളിപ്പെടുത്തുകയാണ്. നാട്ടിൽ എന്റെ സ്വദേശം എന്നു പറയാവുന്നത് ആലുവയ്ക്കടുത്ത് കാഞ്ഞൂർ എന്ന സ്ഥലമാണ്. അത് അമ്മയുടെ തറവാടായിരുന്നു. അച്ഛന്റെ തറവാട് മൂവാറ്റുപുഴയും.

പക്ഷേ അച്ഛനും അമ്മയ്ക്കും ജോലി മുംബൈയിൽ ആയിരുന്നതിനാൽ ഞാൻ ജനിച്ചു വളർന്നതെല്ലാം അവിടെയാണ്. എനിക്കൊരു സഹോദരനുമുണ്ട്. സ്‌കൂൾ അവധിക്കാലത്ത് അമ്മയുടെ തറവാട്ടിൽ കസിൻസിനൊപ്പമുള്ള ഒത്തുചേരലുകളാണ് നാടിനോടും വീടിനോടുമുള്ള ഓർമകളിൽ ആകെയുള്ളത്.

ഒരു ആർട്ടിസ്റ്റ് ആകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു. സ്‌കൂളിൽ കലാപരിപാടികളിൽ സജീവമായിരുന്നു. വരയ്ക്കാനും ഇഷ്ടമാണ്. അങ്ങനെ പിന്നെ ഞാൻ പഠിക്കാൻ പോയത് ഇന്റീരിയർ ഡിസൈനിങ്ങാണ്. ആ സമയത്താണ് അച്ഛന്റെ മരണം. അതോടനുബന്ധിച്ചു പ്രതിസന്ധികളുടെ ഒരു പരമ്പര തന്നെയുണ്ടായി.

ഡിപ്രഷനിലേക്ക് പോകുമോ എന്ന് ഭയപ്പെട്ട സമയം. അപ്പോഴാണ് മുംബൈയിലെ പള്ളികളിലെ യൂത്ത് കൂട്ടായ്മ കലാപരിപാടികൾ അവതരിപ്പിക്കാൻ വിളിക്കുന്നത്. അതൊരു വഴിത്തിരിവായി. പതിയെ കൂട്ടായ്മകളിലേക്ക് മടങ്ങിവന്നു. അതിനുശേഷം ഞാൻ ഡബ്സ്മാഷ് വിഡിയോകൾ ചെയ്തുതുടങ്ങി. ആദ്യമൊക്കെ ഒരുപാട് കളിയാക്കൽ കേട്ടു. പിന്നീട് ഞാൻ ചെയ്ത ഡുണ്ടുമോൻ എന്ന ഡബ്സ്മാഷ് വൈറലായി.

അതുവഴി നാട്ടിലൊരു ടിവി ചാനലിൽ സീരിയൽ ഓഫർ കിട്ടി. അങ്ങനെ ഞാൻ ചെയ്തുകൊണ്ടിരുന്ന ഇന്റീരിയർ ഡിസൈൻ കോഴ്‌സ് പകുതിക്ക് വച്ച് നിർത്തി ഞാൻ നാട്ടിലേക്ക് ട്രെയിൻ കേറി. ഒരുപാട് പ്രതീക്ഷകളുമായി നാട്ടിലെത്തിയ എന്നെ കാത്തിരുന്നത് ആ സീരിയൽ ഉപേക്ഷിച്ചു എന്ന വാർത്തയാണ്.

വീണ്ടും നിരാശയായി. ആ സമയത്ത് യൂട്യൂബ് വെബ്സീരീസുകൾ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അങ്ങനെ ഞാൻ അപേക്ഷ അയച്ചു ഒരു പ്രമുഖ വെബ്സീരിസിൽ തിരഞ്ഞെടുക്കപ്പെട്ടു. അത് ശ്രദ്ധിക്കപ്പെട്ടു. അതുവഴി സിനിമകളിലേക്ക് അവസരം വന്നു. ഗാനഗന്ധർവൻ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ഇനി മിന്നൽ മുരളി എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. ഇപ്പോൾ പൊന്മുട്ട യൂട്യൂബ് ചാനലിന്റെ വെബ്സീരിസിൽ അഭിനയിക്കുന്നു. നാട്ടിലെത്തി എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വിലാസം വേണം എന്നുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഒരു വീട് വാങ്ങുകയാണുണ്ടായത്.

ഇന്റീരിയർ ഡിസൈനിങ് പഠിച്ചെങ്കിലും വീടിന്റെ അകത്തളങ്ങൾ ഒന്നും ഇതുവരെ അലങ്കരിച്ചിട്ടില്ല. ചേട്ടൻ ദുബായിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ ഞാനും അമ്മയും മാത്രമാണുള്ളത്. ലോക്ഡൗൺ കാലവും ഞങ്ങൾക്ക് വെല്ലുവിളികളുടെ സമയമായിരുന്നു. അമ്മയ്ക്ക് ചെറിയ സ്ട്രോക് വന്നു ആശുപത്രിയിലായി.

ഇപ്പോൾ സുഖമായി വരുന്നു ജീവിതത്തിൽ കുറെ തിരിച്ചടികളും വിഷമതകളും ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് ഇപ്പോൾ ഹാപ്പിയായിട്ട് ഇരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനുമാണ് ഇഷ്ടം. അഭിനയത്തിലൂടെ അതിനു സാധിക്കുന്നു എന്നതാണ് പ്രധാന സന്തോഷം.

നീണ്ട 21 വർഷങ്ങൾ ഞാൻ മുംബൈയിലാണ് ജീവിച്ചത്. കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് ഇപ്പോൾ 2 വർഷം ആകുന്നതേയുള്ളൂ.എന്തായാലും ഇനി മുംബൈയിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാകില്ല. കുറെ നല്ല കഥാപാത്രങ്ങളുമായി കേരളത്തിൽ തന്നെ ജീവിക്കണം എന്നാണ് ആഗ്രഹമെന്നും സ്‌നേഹ ബാബു പറയുന്നു.

Advertisement