താങ്കൾ മികച്ചൊരു മനുഷ്യനാണ്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: ദുൽഖറിനെ കുറിച്ച് റോഷൻ ആൻഡ്രൂസ്

68

ഹിറ്റ്‌മേക്കർ റോഷൻ ആൻഡ്രൂസ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സല്യൂട്ട്. ഈ ചിത്രത്തിൽ ദുൽഖർ എത്തുന്നത് അരവിന്ദ് കരുണാകരൻ എന്നപൊലീസ് വേഷത്തിലാണ്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്.

പാക്കപ്പ് വാർത്ത റോഷൻ ആൻഡ്രൂസ് തന്നെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ദുൽഖർ സൽമാനെയും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതു തന്റെ എക്കാലത്തേയും വലിയ ആഗ്രഹമായിരുന്നു എന്നും ദുൽഖർ മികച്ചൊരു മനുഷ്യനാണെന്നും റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിക്കുന്നു.

Advertisements

റോഷൻ ആൻഡ്രൂസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

നമ്മളദ്ദേഹത്തെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കും ഡിക്യൂ എന്ന്. എന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിൽ ഒന്ന് താങ്കളുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ആയിരുന്നു. അത് യാഥാർഥ്യമാക്കാൻ സഹായിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ താങ്കളോട് നന്ദി അറിയിക്കുന്നു.

നമ്മളൊന്നിച്ച് ചിലവഴിച്ച നിമിഷങ്ങളിലൂടെ ഞാൻ മനസിലാക്കിയ കാര്യമുണ്ട്, താങ്കൾ മികച്ചൊരു മനുഷ്യനാണെന്ന്, ആ ഗുണം തന്നെയാണ് താങ്കളെ മികച്ചൊരു നടനാക്കുന്നതും. എന്റെ എല്ലാ സഹപ്രവർത്തകരായ സംവിധായകരോടും ഞാൻ പറയും, ദുൽഖർ സൽമാനുമായി ജോലി ചെയ്യുക എന്നത് നിങ്ങളുടെ കരിയറിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത അനുഭവമാണെന്ന്.

അതിനുപുറമെ, എനിക്ക് പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നാണ് താങ്കളുടേത്. മികച്ച പ്രൊഡക്ഷൻ ടീമുകളിലൊന്ന്, മികച്ച അഭിനേതാക്കൾ, മനുഷ്യർ, എന്റെ സിനിമാ ജീവിതത്തിൽ ഞാൻ നേടിയ മികച്ച സുഹൃത്തുക്കൾ എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം നിങ്ങൾ എനിക്ക് നൽകി.

അരവിന്ദ് കരുണാകരനെ ഞങ്ങൾ സങ്കൽപ്പിച്ചതിലും അപ്പുറത്തേക്ക് ഉത്കൃഷ്ഠമാക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൊറോണയുടെ കാലഘട്ടത്തിൽ പോലും, ഷെഡ്യൂളിന് മുമ്പായി ഈ പ്രോജക്റ്റ് തീർക്കാൻ ഞങ്ങളെ സഹായിച്ച അവിശ്വസനീയമായ ടീം വർക്ക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. വേഫെയർ ടീമിന്റെയും നമ്മൾ ഓരോരുത്തരുടെയും കഠിനാധ്വാനമാണ് ഇത് സാധ്യമാക്കിയത്.

മനോജേട്ടാ എന്ത് സംഭവിച്ചാലും എനിക്കൊപ്പം നിൽക്കുന്ന ജ്യേഷ്ഠനെ പോലെയാണ് താങ്കളെനിക്ക്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഓരോ അഭിനേതാക്കളോടും, എന്റെ ടെക്‌നീഷ്യന്മാരോടും, എന്റെ എല്ലാമായ ബോബി സഞ്ജയ്, ഈ സ്വപ്നം സഫലമാക്കിയതിന് നിങ്ങളോരോരുത്തരെയും ഞാൻ സല്യൂട്ട് ചെയ്യുന്നു.

Advertisement