ഭദ്രൻ ചിത്രം ജൂതനിൽ നിന്നും റിമ കല്ലിങ്കലിനെ ഒഴിവാക്കി; പകരം മമത മോഹൻദാസ്

14

സൂപ്പർഹിറ്റ് സംവിധായകൻ ഭദ്രൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് ജൂതൻ. സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗൺസ് ചെയ്തത്.

എന്നാൽ ചിത്രത്തിലെ നായിക കഥാപാത്രത്തിൽ നിന്നും റിമയെ മാറ്റിയെന്നതാണ് പുതിയ വാർത്ത. പകരം ഈ വേഷത്തിൽ മമത മോഹൻദാസ് എത്തും. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നാണ് നിർമാണം. എസ് സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥൻ എസ്. ഛായാഗ്രഹണം.

Advertisements

സുഷിൻ ശ്യാം സംഗീതം, ഗാനരചന ഡോ മധു വാസുദേവൻ, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം. മലയാളത്തിന് മികച്ച സിനിമകൾ സംഭാവനചെയ്ത സംവിധായകനാണ് ഭദ്രൻ. പതിനാല് വർഷങ്ങൾക്കു ശേഷമാണ് ഭദ്രൻ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്.

2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഉടയോനാണ് അവസാനമായി റിലീസിനെത്തിയത്. യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ അവതരിപ്പിക്കുന്നത്.

നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിന് ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്.

Advertisement