മലയാള സിനിമാപ്രേമികള്‍ എന്നും ഓര്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് എന്ന് സ്വന്തം ജാനിക്കുട്ടി. ജോമോളായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ഈ ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ സോഡാക്കുപ്പി കണ്ണടയൊക്കെ വെച്ച ജോമോളാണ് എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക.
ഒപ്പം പൂച്ചക്കണ്ണുകളുള്ള സുന്ദരിയായ കുഞ്ഞാത്തോലിനെയും ഓര്‍മ്മ വരും. എന്ന് സ്വന്തം ജാനിക്കുട്ടിയില്‍ കുഞ്ഞാത്തോലായി എത്തിയത് നടി ചഞ്ചലായിരുന്നു. ഏതാനും മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച ചഞ്ചല്‍ എന്നാല്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടിയിരുന്നു.
1997ല്‍ മോഡലിംഗിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ചാനല്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ എന്ന് സ്വന്തം ജാനിക്കുട്ടി ചഞ്ചലിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി.
സിനിമ ഇറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോള്‍ വിവാഹമൊക്കെ കഴിഞ്ഞ് ഭര്‍ത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചല്‍. രണ്ടുമക്കളുമുണ്ട്. വിവാഹശേഷം സിനിമ ഉപേക്ഷിച്ചിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കുഞ്ഞാത്തോലും ജാനിക്കുട്ടിയും ഒന്നിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ജോമോളും ചഞ്ചലും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. രണ്ടുപേരും അതീവസുന്ദരികളായിരിക്കുന്നുവെന്നും രണ്ടാള്‍ക്കും സിനിമയിലേക്ക് മടങ്ങി വന്നൂടെ എന്നും ആരാധകര്‍ ചോദിക്കുന്നു.