ഗീതഗോവിന്ദം നൂറു കോടി ക്ലബ്ബില്‍, നന്ദി അറിയിച്ച് വിജയ്

272

‘അർജുൻ റെഡ്ഡി’യ്ക്കു ശേഷം അടുത്ത വിജയചിത്രവുമായി തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ് വിജയ്‌ ദേവരകൊണ്ട. വിജയിന്റെ ഏറ്റവും പുതിയ റൊമാന്റിക് ചിത്രമായ ‘ഗീതഗോവിന്ദ’മാണ് സൗത്തിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി കുതിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഉള്‍പ്പടെ ചിത്രം വമ്പിച്ച വിജയമാണ് നേടിയിരിക്കുന്നത്.

Advertisements

‘ഗീതഗോവിന്ദം’ നൂറുകോടി ക്ലബ്ബിലെത്തിയിരിക്കുന്നു എന്നാണ് സിനിമയെ കുറിച്ച് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത. ആദ്യമായാണ് വിജയ്‌ ദേവരകൊണ്ടയുടെ ഒരു ചിത്രം നൂറുകോടി ക്ലബ്ബിലെത്തുന്നത്. ട്വിറ്ററിലൂടെ താരവും ഈ വാർത്ത തന്റെ ആരാധകരുമായി ഷെയർ ചെയ്തിട്ടുണ്ട്. സിനിമയെ വമ്പിച്ച വിജയമായി മാറ്റിയ സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി പറയുകയാണ് താരം.

“ആദ്യ ‘നൂറുകോടി ക്ലബ്ബിലെത്തിയ എന്റെ സിനിമയുടെ വിജയം ‘ഗീതഗോവിന്ദ’ത്തിന്റെ അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കും തെലുങ്ക്-തമിഴ്- മലയാളം-കന്നട പ്രേക്ഷകർക്കുമായി സമർപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്,” എന്നാണ് വിജയ്‌ ട്വിറ്ററിൽ കുറിച്ചത്.

ധാരാളം നർമ്മ മുഹൂർത്തങ്ങളുള്ള ഈ റൊമാന്റിക് ചിത്രത്തിൽ രശ്മിക മന്ദന്നയാണ് നായിക. രശ്മികയും വിജയും തമ്മിലുള്ള കെമിസ്ട്രി ഈ പ്രണയചിത്രത്തെ വൻവിജയമാക്കാൻ സഹായിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴിലെ അരങ്ങേറ്റ ചിത്രമായ ‘നോട്ട’യും തെലുങ്കുചിത്രം ‘ടാക്സിവാല’യുമാണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ദേവരകൊണ്ട ചിത്രങ്ങൾ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘പീലി ചൂപ്പുലു’, ‘അര്‍ജ്ജുന്‍ റെഡ്ഡി’, ‘മഹാനടി’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന നടനാണ്‌ വിജയ്‌ ദേവരകൊണ്ട. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത താരങ്ങളില്‍ ആദ്യ ലിസ്റ്റില്‍പ്പെടും വിജയ്‌ ദേവരകൊണ്ട. ഓഗസ്റ്റ്‌ 12-ാം തീയതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് താന്‍ 5 ലക്ഷം രൂപ നല്‍കി എന്ന് ട്വിറ്ററില്‍ പ്രഖ്യാപിക്കുകയും കൂടുതല്‍ പേരെ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ഈ യുവ നടന്‍.

“കേരളത്തില്‍ വെള്ളപ്പൊക്കമാണ് എന്നും അവസ്ഥ മോശമാണ് എന്നും ഇപ്പോള്‍ കേള്‍ക്കുന്നു. എന്റെ ആദ്യത്തെ അവധിക്കാലം ചിലവഴിച്ചത് കേരളത്തിലാണ്. എന്റെ സിനിമകളോടുള്ള മലയാളികളുടെ സ്നേഹം, ഞാന്‍ കണ്ടതില്‍‍ വച്ചേറ്റവും നല്ല മനുഷ്യരാണ് മലയാളികള്‍.. എങ്ങനെയാണ് നിങ്ങളിലേക്ക് എത്തേണ്ടത് എന്നറിയില്ല. പക്ഷേ എന്റെ ചിന്തകളില്‍ നിങ്ങളുണ്ട്”, എന്നാണ് വിജയ്‌ ദേവരകൊണ്ട ട്വിറ്ററില്‍ കുറിച്ചത്.

കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ തന്റെ ആദ്യ വിജയ ചിത്രമായ ‘അര്‍ജുന്‍ റെഡ്ഡി’യിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രം 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്. ഇതിന് പിന്നാലെയാണ് 28കാരനായ താരത്തിന് അവസരങ്ങള്‍ കൂടിയത്.

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ‘ടാക്‌സിവാല’ രാഹുല്‍ സംകൃതായനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി.ശ്രീനിവാസ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement