മിഖായേലിന്റെ പോരാട്ടങ്ങള്‍, മികച്ച ക്രൈം ത്രില്ലര്‍: പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതുന്നു

38

രഘുനാഥൻ പറളി:

ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം, ഹനീഫ് അദേനി സംവിധാനം ചെയ്തിട്ടുളള പുതിയ നിവിന്‍ പോളി ചിത്രം പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ക്രൈം ത്രില്ലറാണ്.

Advertisements

രേഖീയമല്ലാത്ത ഒരു ആവിഷ്കരണ രീതി ഏറെക്കുറെ മികച്ചരീതിയില്‍ അവതരിപ്പിച്ചു തുടങ്ങിയ ചിത്രത്തിന് പക്ഷേ അത്രയും വേഗവും ഉദ്വേഗവും രണ്ടാം പകുതിയില്‍ നിലനിര്‍ത്താനായില്ലെന്നത് പ്രധാന പരിമിതിയായി തോന്നി.

സിനിമയുടെ രണ്ടാം പകുതി അല്പം മന്ദഗതിയായും ചിലയിടെത്തെങ്കിലും ക്ലീഷേകളുടെ ആവര്‍ത്തനമായും തോന്നുന്നതും, ഇക്കാരണത്താലാണ്.

പൊതുവില്‍ അതിമാനുഷികതയുടെയും അയുക്തിയുടെയും അവിശ്വസനീയമായ പടവുകളില്‍ കെട്ടിപ്പൊക്കുന്ന ഒന്നാണല്ലോ, നമ്മുടെ വാണിജ്യ വിനോദ സിനിമകള്‍..! അക്കാര്യം മിഖായേലും അസന്ദിഗ്ദമായി വെളിപ്പെടുത്തുന്നു എന്നതില്‍ സന്ദേഹമില്ല.

വിനോദ ചിത്രത്തിന്റെ അഥവാ ഒരു നേരമ്പോക്കു ചിത്രത്തിന്റെ എല്ലാ ചേരുവകളും ഏറെക്കുറെ കൃത്യമായി ഈ ചിത്രത്തിലും ചേര്‍ത്തിയിട്ടുണ്ടെന്നു മാത്രമല്ല, തന്റെ തനതു ശൈലിയിലുളള ചില പ്രത്യേക സ്റ്റൈലിഷ് രംഗങ്ങളും ചിത്രത്തിലുള്‍‌പ്പെടുത്താന്‍ സംവിധായകന്‍ ഹനീഫ് അദേനി ശ്രദ്ധിച്ചിട്ടുണ്ട്.

സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ പോരാട്ടത്തിലും പ്രതികാരത്തിലും ഏര്‍പ്പെടുന്ന ജൂനിയര്‍ ഡോക്ടര്‍ കൂടിയായ മൈക്ക് എന്ന മൈക്കിള്‍ ജോണിനെ കരുത്തുറ്റ രീതിയില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നു എന്നതു തന്നെയാണ് (അഭിനയം അല്ല, ആക്ഷന്‍ തന്നെയാണ്) ഈ ക്രൈം‍ ത്രില്ലര്‍ ചിത്രത്തിന്റെ പ്രധാന നിലനില്പ് എന്നു പറയാം.

ആയോധന മുറകള്‍ കൂടി അറിയുന്ന നായകന്‍, ആളുകളെ മുറിവേല്പിക്കുന്നതിന്റെയും കൊല്ലുന്നതിന്റെയും ആദ്യഘട്ട വേഗത പോലും മാരമകമാണ്.

ഉണ്ണിമുകുന്ദന്റെ ശ്രദ്ധേയമായ വില്ലന്‍ റോള്‍ സിനിമയ്ക്ക് കൂടുതല്‍ മാസ് സ്വഭാവം നല്‍കുന്നുണ്ടെങ്കിലും, വില്ലന്‍ എന്ന നിലയില്‍ സിദ്ദിഖിന്റെ കനത്ത സാന്നിധ്യത്തോളും ആരും എത്തുന്നില്ലെന്നതാണ് വാസ്തവം.

മാത്രമല്ല ജോര്‍ജ്ജ് എന്ന ആ കഥാപാത്രത്തിന്റെ തുടക്കത്തിലെ പ്രവേശം പകരുന്ന ഊര്‍ജ്ജം, സിനിമാന്ത്യം വരെ, നാം പ്രതീക്ഷിച്ചും പോകും വിധത്തിലുളളതുമാണ്.

ക്രൈം ത്രില്ലര്‍ സ്വഭാവത്തില്‍ നിന്ന് ഒരു ഗാങ്ങ് വാര്‍ സ്വഭാവത്തിലേക്ക് സിനിമ ഇടയ്ക്കെല്ലാം തെന്നിപ്പോകുന്നതും, ചിത്രത്തിന്റെ ‘എന്‍ഗേജിംഗ്’ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീര്‍ച്ചയായും താരങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങളില്‍, എപ്പോഴും ഒരു സംവിധായകന്‍ എങ്ങനെ തന്റെ തനതു മുദ്ര ചേര്‍ക്കുന്നു എന്നു ചിന്തിക്കുന്നതു രസകരമാണ്.

കെപിഎസി ലളിത, മഞ്ജിമ മോഹന്‍, ശാന്തികൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായര്‍ തുടങ്ങി നിരവധി ആളുകള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്.

അതുപോലെ, വിഷ്ണു പണിക്കരുടെ സിനിമാട്ടോഗ്രഫിയും മഹേഷ് നാരായണന്റെ എഡിറ്റിംഗും പരാമര്‍ശിക്കാതെ ഈ ചിത്രത്തെക്കുറിച്ചു പറ‍ഞ്ഞു നിര്‍ത്താനാകില്ല.

ചുരുക്കത്തില്‍, ‘മിഖായേല്‍’ എന്ന ചിത്രം മലയാള ആക്ഷന്‍ സിനിമയിലെ ഒരു ‘കാവല്‍ മാലാഖ’യൊന്നുമല്ലെങ്കിലും ‍അത് അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ‘ചോയ്സ്’ ആയി മാറുന്നുണ്ടെന്നു പറയാം.

Advertisement