ഉത്തരേന്ത്യയിൽ നിന്ന് തെന്നിന്ത്യയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ഹാൻസിക. ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പിടിച്ചു നില്ക്കാൻ താരത്തിനായില്ല. തുടർന്ന് തെലുങ്കിലേക്ക് ചുവടുറപ്പിച്ച താരം തെന്നിന്ത്യൻ ഭാഷകളിലെ സ്ഥിരം സാന്നിധ്യമായി.
ഡിസംബർ മാസത്തിൽ വിവാഹിതയാവാൻ പോവുകയാണ് താരം. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മുൻപ് താരത്തിന്റെ ബിസിനസ് പാർട്ണർ ആയിരുന്ന സൊഹൈൽ കതൂര്യയാണ് ഹാൻസികയുടെ വരൻ. വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്.
എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോർട്ടുകൾ പ്രകാരം തന്റെ കല്യാണത്തിനായി താരം ക്ഷണിച്ചിരിക്കുന്നത് വിഐപികളെയല്ല മറിച്ച് പാവപ്പെട്ട വീട്ടിലെ കുട്ടികളെയാണ്. നിരവധി എൻജിഒ സംഘടനയിൽ പ്രവർത്തിക്കുന്ന ഹാൻസിക ഇതിന്റെ ഭാഗമായാണ് കുട്ടികൾക്ക് വിവാഹ ദിവസം ക്ഷണം നല്കിയത്. അതേസമയം താരത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പുതു വസ്ത്രങ്ങൾ ലഭിച്ച സന്തോഷം കുട്ടികൾ പങ്ക് വെക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മുന്നൊരിക്കൽ സൊഹൈൽ തന്നെ പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോ ഹൻസിക പങ്ക്് വെച്ചിരുന്നു. സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഹാൻസികയുടെ സുഹൃത്തിന്റെ ഭർത്താവായിരുന്നു സൊഹൈൽ എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെയും ഈ വാർത്തകളോട് താരം പ്രതികരിച്ചിട്ടില്ല.
അടുത്തിടെയായി താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ലോക്ഡൗണും, ബിസിനസിലെ തിരക്കുകളും അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ താരത്തെ പ്രേരിപ്പിച്ചു എന്നു വേണം കരുതാൻ. നല്ല സിനിമകൾ ലഭിച്ചാൽ തിരക്കുകൾ മാറ്റിവെച്ച് അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.