മരക്കാറില്‍ കന്നഡ സൂപ്പര്‍ താരവും; പുതിയ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു

28

പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടില്‍ ലൊക്കേഷനില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

Advertisements

വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷ നടന്മാരും ഉണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി മരക്കാര്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത് കന്നഡ നടന്‍ കിച്ച സുദീപാണ്. താരവും പ്രിയദര്‍ശനും ഉള്‍പ്പെടുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദ് റാമോജി സിറ്റിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിന്റെയും മറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. ഊട്ടി, രാമേശ്വരം എന്നിവയാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ മരക്കാറാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ട്.

ചിത്രത്തില്‍ പ്രഭു, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് വെള്ളിത്തിരയിലെത്തുക.

Advertisement