അന്ന് ജാതി പറഞ്ഞ് മമ്മൂട്ടിയെ അധിക്ഷേപിച്ചു, മോഹന്‍ലാല്‍ ഇപ്പോള്‍ ശരിക്കും പെട്ടെന്നും ലിബര്‍ട്ടി ബഷീര്‍

15

കൊച്ചി: അത്ര ശുഭകരമായ കാര്യങ്ങളല്ല താരസംഘടനയായ എഎംഎംഎയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത യോഗത്തിലാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അന്നത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും ഇക്കാര്യത്തെ അനുകൂലിക്കുകയായിരുന്നു.

Advertisements

ഇതോടെയാണ് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചത്. ആരോപണ വിധേയനായ താരത്തിനെയും ഇരയായ നടിയേയും ഒരുപോലെ കാണുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്ന് വന്നിരുന്നു. ദിലീപ് വിഷയത്തിലെ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയായ ഡബ്ലുസിസിയുടെ നേതൃത്വത്തില്‍ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ ചേര്‍ന്ന് കത്ത് നല്‍കിയിരുന്നു.

മൂന്ന് തവണ കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വനിതാ സംഘടനയ്ക്ക് മറുപടിയുമായി ജഗദീഷ് എത്തിയിരുന്നു. പത്രക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ ജഗദീഷ് പറഞ്ഞതിനെക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. കെപിഎസി ലളിതയ്‌ക്കൊപ്പമെത്തിയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം. മോഹന്‍ലാലിനോട് ആലോചിച്ചതിന് ശേഷമാണ് താന്‍ പത്രക്കുറിപ്പ് നല്‍കിയതെന്നും സിദ്ദിഖ് ഉള്‍പ്പടെയുള്ള അംഗങ്ങള്‍ക്ക് പത്രക്കുറിപ്പിന്റെ കോപ്പി അയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

ഇതോടെയാണ് സംഘടനയ്ക്കത്തെ ഭിന്നിപ്പ് പരസ്യമായത്. ഗണേഷ് കുമാര്‍, സിദ്ദിഖ്, മുകേഷ് തുടങ്ങിയവരുള്‍പ്പടെ നാലഞ്ച് പേരാണ് അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നിര്‍മ്മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്.

ഡബ്ലുസിസി രൂപീകരിക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന മഞ്ജു വാര്യര്‍ എന്തുകൊണ്ട് വാര്‍ത്താ സമ്മേളനത്തിനെത്തിയില്ലെന്ന തരത്തിലുള്ള ചോദ്യം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. സിദ്ദിഖും ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചിരുന്നു.

മോഹന്‍ലാലിന്റെ സിനിമയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയില്‍ സജീവവുമാണ്. അതാണ് ഇപ്പോള്‍ നിശബ്ദയായിരിക്കുന്നത്.ഒന്നും പറയുന്നില്ലെങ്കിലും അവരുടെ മനസ്സ് ആ കുട്ടികള്‍ക്കൊപ്പമാണ്.ആ കുട്ടിക്ക് വേണ്ടിയാണ് അവര്‍ പലതും സഹിച്ചത്. അമ്മയ്ക്കുള്ളില്‍ നിന്നു തന്നെ അവര്‍ പോരാടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

വനിതാ സംഘടനയ്‌ക്കൊപ്പമാണ് താനെന്ന് അദ്ദേഹം പറയുന്നു. മറ്റ് ഭാഷകളിലെല്ലാം ആരോപണം ഉയര്‍ത്തിയവര്‍ക്കൊപ്പമാണ് സിനിമ. എന്നാല്‍ മലയാളത്തിലെ സ്ഥിതി അങ്ങനെയല്ല. എന്തെങ്കിലും അനിഷ്ട സംഭവം നടന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നാണ് മറ്റ് ഭാഷകളിലെ പോളിസി. കേരളത്തില്‍ മാത്രമേ ഇത്തരത്തിലുള്ള വൃത്തികേടുകള്‍ കാണൂയെന്നും അദ്ദേഹം പറയുന്നു. വിശാലാണ് തമിഴകത്ത് സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നത്. എന്നാല്‍ ഇവിട മോഹന്‍ലാല്‍ നടന്‍മാര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അതാണ് പ്രത്യേകത.

രണ്ട് വര്‍ഷം മുന്‍പ് മമ്മൂട്ടിക്കെതിരെ എന്തൊക്കെയായിരുന്നു നടന്നത്. അന്ന് ജാതി പറഞ്ഞ് വരെ അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു. ആ സംഭവത്തിന് ശേഷമാണ് അദ്ദേഹം സാധാരണ അംഗമായി തുടരുന്നത്. ഓഫറുകള്‍ നിരവധി വന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. സ്വയം തടി രക്ഷപ്പെടുത്തിയാണ് അദ്ദേഹം മാറിയത്. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുകയാണ്. സംഭവങ്ങളെല്ലാം കൈവിട്ടുപോവുകയാണ്.

അമ്മ എന്ന സംഘടന തകരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. കൈനീട്ടം പോലെയുള്ള സ്‌കീമിലൂടെ നിരവധി പേര്‍ക്ക് സഹായമെത്തിക്കുന്നുണ്ട് അമ്മ. എന്നും നിലനില്‍ക്കേണ്ട സംഘടനയാണിത്. എന്നാല്‍ ദിലീപിന് വേണ്ടി, അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന് വാദിക്കേണ്ടി വരുമ്ബോഴാണ് പലരും അവിടെ നിസ്സാരനായി നിന്നുപോവുന്നത്.

വ്യക്തിപരമായി ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കാത്ത വ്യക്തിയാണ് മോഹന്‍ലാല്‍. ഒരു ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹം കൃത്യമായി അത് നിറവേറ്റുകയും ചെയ്യും എന്നാല്‍ ദിലീപിന് വേണ്ടി വാദിക്കേണ്ടി വരുമ്ബോഴാണ് അദ്ദേഹം നിസ്സാഹയനായി പോവുന്നത്.

സിദ്ദിഖ്, മുകേഷ്, ഗണേഷ് ഇവരൊക്കെയാണ് തുടക്കം മുതലേ തന്നെ ദിലീപിന് വേണ്ടി വാദിച്ച്‌ രംഗത്തെത്തിയത്. ജഗദീഷിന്റെ പത്രക്കുറിപ്പിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനവുമായി സിദ്ദിഖെത്തിയത്. കോളജ് പ്രിന്‍സിപ്പലായി ജോലി ചെയ്തയാളാണ് ജഗദീഷ്. നടനെന്നതിനും അപ്പുറത്ത് കൃത്യമായ വ്യക്തിത്വമുണ്ട് അദ്ദേഹത്തിന്. അനാവശ്യമായ ഒരു ദുശീലവും ഇല്ലാത്തയാളാണ് അദ്ദേഹം. മോഹന്‍ലാലിന്റെ അനുമതിയോടെ തന്നെയാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്.

നേരത്തെ ദിലീപിനെതിരെ നല്‍കിയ മൊഴിയും സിദ്ദിഖിന്റെ ഇപ്പോഴത്തെ നിലപാടും തമ്മില്‍ വൈരുദ്ധ്യമാണ്. നടിയുടെ അവസരം ഇല്ലാതാക്കിയെന്നും നടിയുമായി അത്ര നല്ല ബന്ധത്തിലല്ല ദിലീപെന്നുമൊക്കെയായിരുന്നു അന്നദ്ദേഹം പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിനിടയില്‍ ദിലീപിനെതിരെ അത്തരത്തിലൊരു പരാതിയുണ്ടെങ്കില്‍ നടി നേരിട്ട് പറയട്ടെയെന്നും അപ്പോള്‍ നടപടി എടുക്കാമെന്നും അദ്ദേഹത്തിന്റെ അവസരം ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. സംഘടനയുമായി കൂടിയാലോചിക്കാതെ സ്വമനസ്സാലെയാണ് അദ്ദേഹം കാര്യങ്ങള്‍ വിളിച്ചുപറഞ്ഞതെന്ന് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.

പ്രശ്‌നക്കാരെയൊക്കെ ഒരുവിധത്തില്‍ ഒതുക്കിയാണ് ഇന്നസെന്റ് സംഘടനയെ നയിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മോഹന്‍ലാലിന് അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മമ്മൂട്ടിയെ പോലെ തന്നെ സാധാരണ മെമ്ബറായി അദ്ദേഹവും മാറുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. നവകേരള നിര്‍മ്മാണത്തിനായുള്ള സ്റ്റേജ് ഷോയ്ക്ക് പിന്നാലെയായി മോഹന്‍ലാല്‍ രാജി വെച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

Advertisement