സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

29

കോട്ടയം : ദേശീയഗാനം വെയ്ക്കുന്നത് സിനിമാ തിയേറ്ററുകളില്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയഗാനം വെയ്ക്കണമോ എന്ന് തിയേറ്ററുകള്‍ക്ക് തീരുമാനിക്കാം. അതേസമയം, ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്രം രൂപവത്കരിച്ച 12 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
2016 നവംബര്‍ 30-ന്റെ ഇടക്കാല ഉത്തരവില്‍ ഭേദഗതിവരുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തിങ്കളാഴ്ചത്തെ ഉത്തരവ്. അന്ന് ദേശീയഗാനം നിര്‍ബന്ധമാക്കിയും ഇപ്പോള്‍ നിര്‍ബന്ധമല്ലാതാക്കിയും ഉത്തരവിറക്കിയ ബെഞ്ചുകളുടെ അധ്യക്ഷന്‍; ജസ്റ്റിസ് ദീപക് മിശ്ര തന്നെയാണ്.
ദേശീയഗാനം പാടുമ്പോള്‍ ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള എല്ലാവരും എഴുന്നേറ്റുനിന്ന് ബഹുമാനിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2015-ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം. ദേശഭക്തി കാണിക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാത്തവര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് കരുതാനാവില്ലെന്നും സുപ്രീംകോടതി നേരത്തേ വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
1971-ലെ ദേശീയ ബഹുമതി നിയമപ്രകാരം ദേശീയഗാനത്തെ മനപ്പൂര്‍വം അവഹേളിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ഈ നിയമത്തില്‍ ഭേദഗതി ആവശ്യമുണ്ടോയെന്ന് കേന്ദ്രം രൂപവത്കരിച്ച സമിതി പരിശോധിക്കും.
കേരളത്തിലെ യഹോവാ സാക്ഷികളായ മൂന്ന് കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം പാടാന്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനിന്നാല്‍ത്തന്നെ അതിനോടുള്ള ബഹുമാനമാണെന്നാണ് ഈ കേസില്‍ കോടതി നിരീക്ഷിച്ചത്.
ദേശീയഗാനത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസുകളെല്ലാം വെവ്വേറെ കൈകാര്യം ചെയ്യേണ്ടതാണെന്ന് ശശി തരൂര്‍, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി എന്നിവര്‍ക്കെതിരായ പരാതികള്‍ ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാന്‍ സമിതിക്ക് കഴിയില്ലെന്നും സുപ്രീംകോടതിതന്നെ ഇടപെടണമെന്നും പരാതിക്കാരനായ എസ്.എന്‍. ചോക്സി വാദിച്ചു. 1971-ലെ നിയമം കോടതി വ്യാഖ്യാനിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിനവ് ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍, പാര്‍ലമെന്റാണ് നിയമഭേദഗതി വരുത്തേണ്ടതെന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിങ് പറഞ്ഞു. ചലച്ചിത്രമേള നടത്തുമ്പോള്‍ ഒരുദിവസം ഒരു ഡസന്‍ തവണ എഴുന്നേറ്റുനില്‍ക്കേണ്ടിവരുന്ന വിഷയം അഡ്വ. പി.വി. ദിനേശ് ചൂണ്ടിക്കാട്ടി. എന്നാല്‍, പരാതിക്കാര്‍ക്ക് സമിതിയെ സമീപിക്കാമെന്ന് പറഞ്ഞുകൊണ്ട് കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. കേന്ദ്രസമിതിയുടെ റിപ്പോര്‍ട്ട് ആറുമാസത്തിനകം.തിയേറ്ററുകളില്‍ ദേശീയഗാനം വെക്കുന്നത് സംബന്ധിച്ച എല്ലാ വിഷയങ്ങളും കേന്ദ്രം നിയോഗിച്ച സമിതി സമഗ്രമായി പരിശോധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി.ആര്‍. ശര്‍മ അധ്യക്ഷനായ സമിതി ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. പരാതിക്കാര്‍ക്ക് സമിതിയെ സമീപിക്കാം. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കും. സമിതിയുടെ ആദ്യയോഗം ഈമാസം 19-ന് ചേരും.

Advertisement