എന്തിനായിരുന്നു പതിനാറ് വര്‍ഷത്തെ ഇടവേള?; നിങ്ങള്‍ തമ്മില്‍ പിണക്കത്തിലായിരുന്നോ?: മറുപടിയുമായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും

17

മലയാളത്തിന് ഒരുപിടി നല്ല കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റേത്.

1986 ല്‍ ടി.പി ബാലഗോപാലന്‍ എം.എ എന്ന ചിത്രത്തില്‍ തുടങ്ങിയ കൂട്ടുകെട്ട് 2002 ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ വരെ നീണ്ടു.

Advertisements

പിന്നീട് പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ പ്രകാശന് വേണ്ടി വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഈ പതിനാറ് വര്‍ഷത്തെ നീണ്ട ഇടവേള എങ്ങനെ വന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.

‘ശരിക്കും ഈ പതിനാറ് വര്‍ഷത്തെ ഗ്യാപ് ഞങ്ങള്‍ അറിഞ്ഞ് കൊണ്ട് വന്നതല്ല. തുടര്‍ച്ചയായി കുറേ സിനിമകള്‍ ചെയ്തു ചെയ്തു വന്നപ്പോള്‍ ഒരേ രീതിയിലുള്ള ചിന്താഗതിയില്‍ നിന്നും മാറി വരാം എന്ന് ചിന്തിച്ചു.

അത് കുറച്ചു നാള്‍ മുന്‍പ് തുടങ്ങി നമ്മള്‍ ആലോചിച്ചിരുന്നു. തുടര്‍ച്ചയായി കുറേ പടങ്ങള്‍ ഒരുമിച്ചു ചെയ്യാതെ ശ്രീനി, ശ്രീനിയുടെ പടങ്ങളുമായും ഞാന്‍ എന്റെ പടങ്ങളുമായും ഒന്നിക്കാമെന്നുള്ളത്.

അത് വന്നു വന്നു പതിനാറ് വര്‍ഷം കഴിഞ്ഞു എന്നുള്ളത് ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതാന്‍ ഇരിക്കുമ്പോഴാണ് ഞങ്ങള്‍ അറിയുന്നത് തന്നെ.

കാരണം ഞങ്ങള്‍ പരസ്പരം ഇടയ്ക്കിടെ കാണാറുണ്ട്, സംസാരിക്കാറുണ്ട്, ഒന്നിച്ചു ജോലി ചെയ്യുന്നില്ല എന്ന് ഞങ്ങള്‍ക്ക് പോലും തോന്നിയിരുന്നില്ല.

പല ആള്‍ക്കാരും ധരിച്ചിരുന്നു ഞങ്ങള്‍ തമ്മില്‍ പിണങ്ങിയിട്ടാണെന്ന്. പക്ഷേ അങ്ങനെ പിണക്കമൊന്നും ഉണ്ടായിട്ടില്ല’. എന്നായിരുന്നു സത്യന്‍ അന്തിക്കാടിന് പറയാനുണ്ടായിരുന്നത്.

എന്നാല്‍, സത്യന്‍ അന്തിക്കാട് പറഞ്ഞത് നുണയാണെന്നും ലോഹിതദാസിനെ കണ്ടപ്പോള്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ശ്രീനിവാസന് പറയാനുണ്ടായിരുന്നത്.

‘സത്യന്‍ പറഞ്ഞ നുണയെ പറ്റി പറയാം, ഇതിനിടയ്ക്ക് ലോഹിതദാസ് എന്ന എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നു. അപ്പോള്‍ എന്നേക്കാള്‍ നല്ലത് അയാളാണെന്ന് തോന്നിയിട്ട് അയാളെകൊണ്ട് എഴുതിച്ചു. എന്നെ പുറത്താക്കി.

അതാണ് സംഭവിച്ചത് അല്ലാതെ വേറൊന്നുമല്ല’ എന്നായിരുന്നു ശ്രീനിവാസന്റെ കൗണ്ടര്‍. ‘ഇത് സത്യന്‍ അന്തിക്കാടിന് നിഷേധിക്കാന്‍ പറ്റുമോ’യെന്ന ശ്രീനിവാസന്റെ ചോദ്യത്തിന് നിറഞ്ഞ ചിരിയാണ് സത്യന്‍ അന്തിക്കാട് മറുപടി നല്‍കിയത്.

Advertisement