സിഡ്‌നി ഏകദിനം തോല്‍പ്പിച്ച ‘തുഴച്ചിലിനെതിരേ’ ആഞ്ഞടിച്ച് അഗാര്‍ക്കറും; ധോണിയുടെ ലോകകപ്പ് സ്വപ്നം ആശങ്കയില്‍

7

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതിന്റെ മുഖ്യകാരണം ധോണിയുടെ മെല്ലെപ്പോക്കാണെന്ന ആരാധകരുടെ വാദത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍.

ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് ഏകദിനത്തിന് യോജിച്ചതല്ലെന്ന് അഗാര്‍ക്കര്‍ തുറന്നടിച്ചു. ഇന്ത്യ പതറുന്ന സമയത്ത് ക്രീസിലെത്തിയ ധോണിക്ക് ആദ്യ ബോളുകള്‍ ബുദ്ധിമുട്ടാകുമെങ്കിലും നിലയുറപ്പിച്ച ശേഷവും മെല്ലെപ്പോക്ക് തുടര്‍ന്നത് ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Advertisements

288 ഒറ്റയ്ക്ക് നേടിയെടുക്കാന്‍ കഴിവുള്ള താരമാണ് രോഹിത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ലെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ധോണി അര്‍ധസെഞ്ചുറി നേടിയെന്നതൊക്കെ സത്യം, എന്നാല്‍ നൂറിനടുത്ത് പന്തുകളാണ് അതിനായി വേണ്ടിവന്നത്. ഏകദിനത്തില്‍ 100 പന്തുകള്‍ എന്നൊക്കെ പറഞ്ഞാല്‍ ചില്ലറ സംഖ്യയല്ല. അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 96 പന്തുകളില്‍ നിന്നായിരുന്നു ധോനി 51 റണ്‍സെടുത്ത ധോണിയുടെ ബാറ്റിങ് രീതിക്കെതിരേ വന്‍ വിമര്‍ശനമാണ് ഇതോടെ ഉര്‍ന്നത്. ധോണിയുടെ സ്‌കോറിങ് നിരക്ക് കളിയെ ബാധിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം, രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഒറ്റ സെഞ്ചുറി പോലും നേടാത്ത എം എസ് ധോണി ലോക കപ്പിന് വേണോയെന്ന് ചോദ്യവുമായി ആരാധകര്‍ രംഗത്ത് വന്നു. കഴിഞ്ഞ വര്‍ഷം ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. ഈ വര്‍ഷത്തെ ആദ്യ ഏകദിന മത്സരത്തില്‍ ധോണി അര്‍ധ സെഞ്ചുറി നേടിയാണ് തുടങ്ങിയിരിക്കുന്നത്.

പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ അടക്കമുള്ളവര്‍ ധോണിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഈ മത്സരത്തില്‍ ഒരു അവസരം വെറും മിഥ്യ മാത്രമായിരുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ട് ആവശ്യത്തില്‍ അധികം പന്തുകള്‍ നേരിട്ടതായിട്ടാണ് ഹര്‍ഷ ഭോഗ്ലെ മത്സരത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ പലരും ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. സമാനമായ രീതിയില്‍ റണ്‍റേറ്റ് ഉയര്‍ത്താതെ കളിച്ച ധോണിയുടെ ഇന്നിങ്‌സുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളില്‍ ഏറിയപങ്കും.

അതേസമയം ധോണിയുടെ ശൈലിയെ അനുകൂലിച്ചും ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. ടീം തകര്‍ച്ച നേരിട്ട സമയത്ത് ഡിഫന്‍സ് ശൈലിയില്‍ കളിക്കുന്നതാണ് നല്ലത്. അതാണ് ധോണി ചെയ്തതെന്നും ഇവര്‍ വാദിക്കുന്നു. ധോണി അല്പനേരം കൂടി ക്രീസില്‍ തുടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ താരം കൂറ്റന്‍ സ്‌കോര്‍ നേടുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

വന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകരില്‍ ഏറിയ പങ്കും സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.

ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നത്. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്‌കെട്ട് ഉണ്ടാക്കിയ ധോണി സ്‌ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം.

അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്‌സും അടക്കം 103.10 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്. പക്ഷേ രോഹിതിന്റെ മികച്ച ബാറ്റിംഗിനും ഇന്ത്യയക്ക് വിജയം സമ്മാനിക്കുന്നതിന് സാധിച്ചില്ല.

Advertisement