ബുള്ളറ്റിനോടുള്ള പ്രിയം കുറയുന്നു: ഇന്ത്യയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞു

16

തുടർച്ചയായി ആറാം മാസവും ഇന്ത്യയിൽ റോയൽ എൻഫീൽഡിന്റെ വിൽപ്പന ഇടിവ്. കഴിഞ്ഞമാസം റോയൽ എൻഫീൽഡ് 62,897 യൂണിറ്റുകൾ മാത്രമാണ് ആകെ വിറ്റത്. മുൻവർഷം ഇതേകാലയളവിൽ 76,187 യൂണിറ്റുകൾ കമ്പനി വിറ്റിരുന്നു.

ആഭ്യന്തര വിൽപ്പനയിൽ 21 ശതമാനമാണ് റോയൽ എൻഫീൽഡിന് സംഭവിച്ചിരിക്കുന്ന ഇടിവ്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കമ്പനി ഏറ്റവുമൊടുവിൽ വളർച്ച രേഖപ്പെടുത്തിയത്.

Advertisements

350 സിസി മോഡലുകളിലാണ് നിലവിൽ റോയൽ എൻഫീൽഡ് പ്രതിസന്ധി നേരിടുന്നത്. അതേസമയം, ഇന്റർസെപ്റ്റർ 650 യുടെയും കോൺടിനന്റൽ ജിടി 650 യുടെയും വിൽപ്പന കമ്പനിക്ക് ആശ്വാസം പകരുന്നതാണ്.

ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടർബേർഡ്, ഹിമാലയൻ, ഇൻർസെപ്റ്റർ 650, കോൺടിനന്റൽ ജിടി 650 മോഡലുകളാണ് ഇപ്പോൾ റോയൽ എൻഫീൽഡ് നിരയിലുള്ളത്.

പുതിയ സുരക്ഷാ ചട്ടങ്ങൾ മാനിച്ച് ഒറ്റ ചാനൽ എബിഎസ് സുരക്ഷയിൽ ബുള്ളറ്റ് 350, 350 ഇഎസ് മോഡലുകളെ ഏപ്രിലിൽ കമ്പനി അവതരിപ്പിച്ചിരുന്നു. 1.21 ലക്ഷം രൂപയാണ് ബുള്ളറ്റ് 350 ക്ക് വില.

ബുള്ളറ്റ് 350 ഇഎസിന് 1.35 ലക്ഷം രൂപയും. ഭാരത് സ്റ്റേജ് VI നിർദ്ദേശങ്ങൾ പിടിമുറുക്കുന്ന സാഹചര്യം മുന്നിൽക്കണ്ട് പുതുതലമുറ ക്ലാസിക്ക്, തണ്ടർബേർഡ് മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ റോയൽ എൻഫീൽഡ്.

Advertisement