ഇന്നലെ തോറ്റത് ക്യാപ്റ്റന്‍ കോഹ്ലി യുടെ നൂറാം മത്സരം, നാലില്‍ നാലും തോറ്റ് ബാംഗ്ലൂര്‍

34

ജയ്പുര്‍: ഇന്ത്യയെ 2011ല്‍ ഏകദിന ലോകകപ്പിലേക്കു കൈപിടിച്ചുയര്‍ത്തിയ ഗാരി കേസ്റ്റണെന്ന കോച്ചിന്റെ സാന്നിധ്യം. ലോകക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്മാര്‍. ഉമേഷ് യാദവും ടിം സൗത്തിയും യുസ്വേന്ദ്ര ചാഹലും ഉള്‍പ്പെടുന്ന ശക്തമായ ബൗളിങ് നിര.

കടലാസിലെ പുലികളായിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഈ വര്‍ഷം ഐപിഎല്ലില്‍ നേരിടേണ്ടിവന്നതു തുടര്‍ച്ചയായ നാലു തോല്‍വികള്‍. ചൊവ്വാഴ്ച ഒരുപന്ത് ബാക്കിനില്‍ക്കേ രാജസ്ഥാന്‍ റോയല്‍സിനോട് ഏഴുവിക്കറ്റിനു പരാജയപ്പെട്ടതാണ് ഏറ്റവുമൊടുവിലത്തേത്.

Advertisements

എട്ട് ടീമുകളുള്ള ഐപിഎല്ലിലെ പോയിന്റ് പട്ടികയില്‍ ഏറ്റവുമൊടുവിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടീം.
രാജസ്ഥാനെതിരായ മത്സരത്തിനുശേഷം തോല്‍വിക്കു പിന്നിലുള്ള കാരണങ്ങള്‍ കോഹ്ലി ഏറ്റുപറഞ്ഞതും ശ്രദ്ധേയമായി. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ നല്‍കിയ ക്യാച്ച് അവസരങ്ങള്‍ പാഴാക്കിയതാണ് ഇതില്‍ ഏറ്റവും ആദ്യത്തേത്.

ഇതേ തെറ്റുകള്‍ തന്നെ തങ്ങള്‍ ആവര്‍ത്തിച്ചാല്‍ തോല്‍ക്കുന്ന ഭാഗത്തുതന്നെ തുടരേണ്ടിവരുമെന്നു കോലി പറഞ്ഞു. മാത്രമല്ല, ടീമിലെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണെന്നു പറഞ്ഞ കോലി, പുതിയ താരങ്ങള്‍ ടീമിലെത്തുമെന്നും അവര്‍ വിജയം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.സഅതിനിടെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.

11 ഐപിഎല്‍ സീസണുകളില്‍ ഒരിക്കല്‍പ്പോലും ബാംഗ്ലൂരിനു കപ്പുയര്‍ത്താനായിട്ടില്ലെന്നതാണു വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാനവാദം. ഇതില്‍ അഞ്ച് സീസണുകളിലും കോലിയായിരുന്നു ക്യാപ്റ്റന്‍. ഇത് ക്യാപ്റ്റനായി കോലിക്ക് ആറാമത്തെ സീസണാണ്.

കോഹ്ലിക്കു വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചതു ഭാഗ്യംകൊണ്ടാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ പരിഹാസം. ബാംഗ്ലൂരിന്റെ തന്ത്രങ്ങള്‍ മോശമാണെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്റെ പ്രതികരണം. അതിനിടെ കഴിഞ്ഞയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന മത്സരത്തില്‍ അവസാനബോള്‍ നോബോളാണെന്നു മത്സരശേഷം കണ്ടെത്തിയതില്‍ കോലി അതൃപ്തി പ്രകടിപ്പിച്ചതും അമ്പയര്‍മാരെ കുറ്റപ്പെടുത്തിയതും വിവാദമായിരുന്നു.

മുംബൈ താരം ലസിത് മലിംഗയെറിഞ്ഞ അവസാനപന്തില്‍ ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴുറണ്‍സായിരുന്നു. എന്നാല്‍ ഒരുറണ്‍ മാത്രമാണ് ബാംഗ്ലൂരിനു നേടാനായത്. നോബോളാണെന്ന് അമ്പയര്‍ കണ്ടെത്തിയിരുന്നെങ്കില്‍ എക്‌സ്ട്രാ റണ്ണിനൊപ്പം ഒരു ബോള്‍ കൂടി അധികമായി ലഭിച്ചേനെ. എന്നാല്‍ ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ സമസ്തമേഖലകളിലും പരാജയപ്പെട്ടു.

56 പന്തില്‍ 114 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോയുടെ ബാറ്റിങ് മികവില്‍ ഹൈദരാബാദ് 231 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന്റെ പോരാട്ടം 118 റണ്‍സിലൊതുങ്ങി. സീസണിലെതന്നെ ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വെറും 70 റണ്‍സിനു തകര്‍ന്നടിഞ്ഞാണു കോലിയും ഡിവില്ലിയേഴ്‌സും അടങ്ങിയ ബാറ്റിങ് നിര തുടങ്ങിയതുതന്നെ. തുടര്‍ച്ചയായ നാലാംതോല്‍വിക്കിടയില്‍ അപൂര്‍വമായൊരു റെക്കോഡ് കൂടി സംഭവിച്ചു.

ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയില്‍ വിരാട് കോഹ്ലി ചൊവ്വാഴ്ച നൂറാം മത്സരം പൂര്‍ത്തിയാക്കി. ക്യാപ്റ്റനായി മൂന്നുതാരങ്ങള്‍ മാത്രമേ ഐ.പി.എല്ലില്‍ നൂറുമത്സരങ്ങള്‍ തികച്ചിട്ടുള്ളൂ. 162 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെയും റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിനെയും നയിച്ച മഹേന്ദ്രസിങ് ധോണിയാണ് ഇതില്‍ മുന്നില്‍.

129 മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും നയിച്ച ഗൗതം ഗംഭീറാണു രണ്ടാംസ്ഥാനത്ത്. എന്നാല്‍ ഒരു ടീമിന്റെ ക്യാപ്റ്റനായാണു കോലി നൂറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇത്രയും മത്സരങ്ങളില്‍ 44 എണ്ണത്തില്‍ മാത്രമാണു കോലിക്കു ടീമിനെ വിജയത്തിലെത്തിക്കാനായിട്ടുള്ളത് എന്നതും കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശകര്‍ക്ക് ആയുധമാകുന്നു.

Advertisement