മഹാപ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിനു തുല്യം: ജോയ് മാത്യു

39

കേരളം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് ഒരു വെല്ലുവിളിയാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. ഇതൊരു വലിയ വെല്ലുവിളി തന്നെയാണെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തി മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിനു തുല്യമാണെന്നും ജോയ് പറഞ്ഞു.

Advertisements

‘കേരളം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണ്. അതിനാല്‍ത്തന്നെ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അര്‍ത്ഥവും നല്‍കി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഞാന്‍ കരുതുന്നു’ ജോയ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, ആലോചനകള്‍ എന്നിവക്ക് മാത്രമായി ഞാനെന്റെ പേജ് മാറ്റിവെക്കുകയാണെന്നും വിമര്‍ശനങ്ങളേക്കാള്‍ ഇന്ന് കേരളത്തിന് വേണ്ടത് വിശാലമനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ രക്ഷപ്രവര്‍ത്തനം സൗന്യത്തിന് ഏല്‍പ്പിക്കണമെന്ന ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ‘പുര കത്തുമ്പോള്‍ വാഴവെട്ടുകയല്ല എന്നാലും പറഞ്ഞുപോവുകയാണ്.

ജനങ്ങള്‍ക്ക് വേണ്ടി ജീവത്യാഗംവരെ ചെയ്യുന്ന സൈനികര്‍ നമുക്കുള്ളപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവരെ ഏല്പിച്ചുകൊടുത്താല്‍ അധികാരം നഷ്ടപ്പെടും എന്ന് ഭയക്കുന്ന ഭരണാധികാരികള്‍ മനുഷ്യജീവന് വിലകല്പിക്കുന്നില്ല എന്ന് വേണം കരുതാന്‍. അവര്‍ക്ക് അധികാരം അധികാരം അധികാരം മാത്രം’ എന്നായിരുന്നു ജോയ് പറഞ്ഞത്.

Advertisement