കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരിൽ കണ്ടതിന്റെ പേരിൽ ഭീഷണി, കായംകുളത്ത് പതിനാലുകാരൻ തൂങ്ങി മരിച്ച സംഭവത്തിൽ പുതിയ ട്വിസ്റ്റ്

217

ആലപ്പുഴ : കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരിൽ കണ്ടതിന്റെ പേരിലുണ്ടായ ഭീഷണി കാരണം പതിനാലുകാരൻ തൂങ്ങി മരിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന ആരോപണം തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

മാവേലിക്കര പെരുങ്ങാല സ്വദേശി രമേശൻ നൽകിയ പരാതിയിലാണ് കമ്മിഷനംഗം പി. മോഹനദാസിന്റെ നിരീക്ഷണം. രമേശിന്റെ മകൻ രാഹുലിനെയാണ് 2015 ഫെബ്രുവരി 19 ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരിൽ കണ്ടതിന്റെ പേരിൽ രാഹുലിന് നിരന്തര ഭീഷണി ഉണ്ടായിരുന്നു.

Advertisements

സംഭവത്തിൽ കമ്മിഷൻ ആലപ്പുഴ ഡിവൈ.എസ്.പിയിൽനിന്നും റിപ്പോർട്ട് വാങ്ങി. കായംകുളം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിന്റെ സി.ഡി ഫയൽ പലതവണ ആവശ്യപ്പെട്ടിട്ടും കായംകുളം എസ്.ഐ. ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് കേസിന്റെ സി.ഡി. ഫയൽ ഹാജരാക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. ഇത് തികഞ്ഞ അച്ചടക്കലംഘനവും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

യഥാർഥ പ്രതികളെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം ഈ പശ്ചാത്തലത്തിൽ തള്ളിക്കളയാനാകില്ല. കേസ് ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മിഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.

കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനിൽനിന്നു വിശദീകരണം ലഭ്യമാക്കണമെന്നും കമ്മിഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.

കമ്മിഷൻ ആവശ്യപ്പെട്ട ഫയൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

Advertisement