ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

31

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന സാമൂഹ്യസേവന സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ കാസര്‍കോട് ജില്ലയില്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് വീല്‍ചെയര്‍ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു.

Advertisements

മമ്മൂട്ടി ചിത്രമായ’ഉണ്ട’യുടെ ഷൂട്ടിങ്ങ് ലൊക്കേഷനായ മുള്ളേരിയയിലെ വനമേഖലയിലായിരുന്നു ആദിവാസികള്‍ ഉള്‍പ്പടെ പങ്കെടുത്ത ഉദ്ഘാടനചടങ്ങ് നടന്നത്.സംസ്ഥാനം ഒട്ടാകെയുള്ള അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടു. കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത്തിന്‌ ആണ് മമ്മൂട്ടി ഉപകരണങ്ങള്‍ കൈമാറിയത്.

കാസര്‍കോട് ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും കലക്ടര്‍ വഴി സഹായം എത്തിക്കും. സമാനമായ ആവശ്യമുള്ള കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും വരും ദിവസങ്ങളില്‍ ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കും. കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തില്‍ കളക്ടര്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

മമ്മൂട്ടിയെ കാണാനെത്തിയ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് ഉപകരണങ്ങള്‍ കലക്‌ടര്‍ക്ക് കൈമാറിയത്. ആദിവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കു നന്ദി പറയാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി അവിടെവരെ എത്തിയത്.

മമ്മൂട്ടിയുടെ മുമ്ബില്‍ അവര്‍ തുടികൊട്ടി പാട്ടുപാടിയപ്പോള്‍, അവര്‍ക്കൊപ്പം ചേര്‍ന്ന് പാടാന്‍ ഇക്കയും മുന്‍കൈയ്യെടുത്തു. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കുകയും ചെയ്‌തു. ഒപ്പം മുളകൊണ്ടുള്ള ഒരു മാല മമ്മൂട്ടിയെ അണിയിക്കുകയും ചെയ്‌തു.

Advertisement