ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളിൽ ദത്ത് നൽകി ; ഇരുപത്തിമുന്നാം വയസ്സിൽ സ്വന്തം അമ്മയെ കണ്ടെത്തി മകൾ : വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഗ്രാമം

282

ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളിൽ സ്വന്തം അച്ഛനെയും അമ്മയെയും നാടിനെയും ഒക്കെ വിട്ട് നെതർലാൻഡ്‌സി(Netherlands)ലേയ്ക്ക് പറിച്ച് നടപ്പെട്ട ഒരു പെൺകുട്ടിയാണ് അമുതവല്ലി(Amuthavalli). പിന്നീടുള്ള കാലം അവൾ തന്റെ ഭൂതകാലം അറിയാതെ അവിടെയുള്ള വളർത്തച്ഛന്റേയും, അമ്മയുടെയും ഒപ്പം കഴിഞ്ഞു. എന്നാൽ, ഒരു ദിവസം അവൾ ആ സത്യം തിരിച്ചറിഞ്ഞു, അവളെ അവർ ദത്തെടുക്കുകയായിരുന്നു. തുടർന്ന്, തന്റെ വേരുകൾ തേടിയുള്ള യാത്രയിലായിരുന്നു അവൾ. ആ യാത്ര ഒടുവിൽ അവസാനിച്ചത് സേലത്തെ ഒരു വിദൂര ഗ്രാമത്തിലായിരുന്നു.

തീർത്തും വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു ഗ്രാമം പിന്നീട് സാക്ഷ്യം വഹിച്ചത്. വീട്ടുപടിക്കൽ മകളെയും കാത്ത് നിൽക്കുകയായിരുന്നു അമ്മ. അമ്മയെ ആദ്യമായി കണ്ടപ്പോൾ അമുതവല്ലിയുടെ കവിളിലൂടെ സന്തോഷാശ്രുക്കൾ ഒഴുകി. അവളുടെ അമ്മ വേദനയോടെ തന്റെ കഴിഞ്ഞ കാലം ഓർത്തു.
അമുതവല്ലിക്ക് ഇപ്പോൾ 23 വയസ്സ്. കടയാമ്പട്ടിക്കടുത്ത് ദാസസമുദ്രം സ്വദേശികളായ ആർ അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ കുട്ടിയാണ് അമുതവല്ലി. അവളുടെ മൂത്ത സഹോദരി ജെനിഫറിന് 25 വയസ്സ്. രംഗനാഥൻ മദ്യത്തിന് അടിമയായിരുന്നു. രാപ്പകൽ അയാൾ കുടുംബം നോക്കാതെ മദ്യപിച്ച് നടന്നു. വീട്ടിലെ കാര്യങ്ങൾ ആകെ പരുങ്ങലിലായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചു വന്നു. മക്കൾക്ക് ആഹാരം പോലും നല്കാൻ കഴിയാതെ ആ അമ്മ നീറി. ഒടുവിൽ പട്ടിണി സഹിക്കവയ്യാതെ ഇളയ മകളെ ദത്ത് നല്കാൻ അവർ തീരുമാനിച്ചു. മകൾക്ക് വെറും പതിനൊന്ന് ദിവസം പ്രായമുള്ളപ്പോൾ 1998 -ൽ സേലത്തെ ഒരു മിഷനറിക്ക് ദത്തെടുക്കാൻ നൽകി.

Advertisements

നെതർലൻഡിൽ നിന്നുള്ള പിയറ്റ്-അഗീത ദമ്പതികൾ അമുതവല്ലിയെ ദത്തെടുത്ത് അവിടെയ്ക്ക് കൊണ്ടുപോയി. ”എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു അത്. പിന്നീടുള്ള ഓരോ ദിവസവും ഞാൻ അതോർത്ത് ഖേദിച്ചു. അവളുടെ ഓർമ്മകൾ എന്നെ നിരന്തരം വേട്ടയാടിയിരുന്നു” അമ്മ പറഞ്ഞു. എന്നാൽ, ഒരു വീട്ടുജോലിക്കാരിയായിരുന്ന അവർക്ക് രണ്ട് മക്കളെ നോക്കാനുള്ള വരുമാനം ഇല്ലായിരുന്നു. മദ്യപാനിയായ ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ ഈ കടുംകൈ ചെയ്യാൻ അവൾ നിർബന്ധിതയായി.

അമുതവല്ലി എന്നാൽ ഇതൊന്നുമറിയാതെ നെതർലാൻഡ്‌സിൽ വളർന്നു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഇപ്പോൾ അവിടെ ഒരു ഫ്‌ലവർ ബോട്ടിക് നടത്തുകയാണ് അവൾ. അടുത്തിടെയാണ് അവൾ തന്റെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നത്. അതോടെ തന്റെ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹം അവളിൽ വളർന്നു. ആദ്യം അവളുടെ ദത്തെടുത്ത മാതാപിതാക്കൾ അതിന് സമ്മതിച്ചില്ലെങ്കിലും, പിന്നീട് അവരുടെ അനുവാദത്തോടെ അമുതവല്ലി ചെന്നൈയിലെത്തി. തന്റെ നിറം കറുപ്പല്ലായിരുന്നെങ്കിൽ താൻ ദത്തെടുത്തതാണെന്ന് ഒരിക്കലും അറിയില്ലായിരുന്നു എന്ന് അമുതവല്ലി പറഞ്ഞു. ‘എന്റെ ദത്തെടുത്ത മാതാപിതാക്കൾ വെളുത്തവരായിരുന്നു. ഒരു ഘട്ടത്തിൽ, എന്തുകൊണ്ടാണ് ഞാൻ കറുത്തുപോയതെന്ന് അവരോട് ഞാൻ ചോദിക്കാൻ തുടങ്ങി. ഒടുവിൽ രണ്ട് വർഷം മുമ്പ് അവർ എന്നോട് എല്ലാം വെളിപ്പെടുത്തി’ അമുതവല്ലി പറഞ്ഞു. ദത്തെടുത്ത മാതാപിതാക്കൾ വളരെ കരുതലുള്ളവരായിരുന്നുവെന്ന് അവൾ പറയുന്നു. താൻ അവരുടെ സ്വന്തം മകളല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവൾ കൂട്ടിച്ചേർത്തു.

ഇന്ത്യയിലേയ്ക്ക് വരുമ്പോൾ അവൾക്ക് ഡച്ചും, ഇംഗ്ലീഷും മാത്രമേ അറിയൂമായിരുന്നുള്ളൂ. അതുകൊണ്ട് ചെന്നൈയിൽ നിന്ന് അമുതവല്ലി ഒരു ഗൈഡിനോടൊപ്പം സേലത്തേക്ക് പുറപ്പെട്ടു. മിഷനറിയിൽ നിന്ന് മാതാപിതാക്കളുടെ വിശദാംശങ്ങൾ ശേഖരിച്ചു. അമ്മ അമുത സേലത്ത് ദശസമുദ്രത്തിലാണ് താമസിക്കുന്നതെന്ന് അവൾ മനസ്സിലാക്കി. എന്നാൽ, പക്ഷേ അച്ഛനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല. അവളുടെ അച്ഛൻ വളരെക്കാലം മുമ്പ് മരിച്ചു പോയിരുന്നു. ആദ്യം അമ്മയെ ഫോണിൽ വിളിച്ചപ്പോൾ അവർക്ക് മകളെ തിരിച്ചറിയാനായില്ല. എന്നാൽ, അമുതവല്ലി ആരാണെന്ന് ഗൈഡ് വിശദീകരിച്ചപ്പോൾ അവൾ സ്തംഭിച്ചുപോയി. തുടർന്ന് തമ്മിൽ കണ്ടപ്പോൾ വർഷങ്ങളായി ആ അമ്മ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വേദനയും, വാത്സല്യവും അവരുടെ കണ്ണിൽ നിന്ന് കണ്ണുനീരായി ഒഴുകി. അവർ മകളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.

സ്വന്തം കൈകൊണ്ട് ചോറ് വാരി കൊടുത്തു. മകളെ ഊട്ടിയും, പരിലാളിച്ചും അവർക്ക് മതിയായില്ല. മനസ്സില്ലാമനസ്സോടെയാണ് അമുതവല്ലി നെതർലൻഡ്സിലേക്ക് മടങ്ങുന്നത്. എന്നാലും, വർഷത്തിലൊരിക്കൽ കുടുംബത്തെ കാണാൻ നാട്ടിലേയ്ക്ക് വരുമെന്ന് അവൾ പറഞ്ഞു. ”ഞാൻ ഇപ്പോൾ കുറച്ച് തമിഴ് വാക്കുകൾ ഒക്കെ പറയും. അടുത്ത വർഷം ഞാൻ തിരിച്ച് എത്തുമ്പോഴേക്കും തമിഴ് നന്നായി സംസാരിക്കാനും വായിക്കാനും പഠിക്കണം. ഞാൻ ഇപ്പോൾ ഈ സംസ്‌കാരത്തെ സ്‌നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. സാരി ഉടുക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നും അവൾ സന്തോഷത്തോടെ പറയുന്നുണ്ട്.

Advertisement