ആദ്യ വിവാഹം എല്‍കെജിയില്‍, 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും; ഒരു അപൂര്‍വ്വ കല്യാണ കഥ

155

എല്‍കെജിയില്‍ പഠിക്കുമ്പോഴായിരുന്നു ശ്രീറാമിന്‍റെയും ആര്യാശ്രീയുടെയും ആദ്യ വിവാഹം. നാലാം വയസ്സില്‍ വെറും ഒരു സ്കിറ്റില്‍ തുടങ്ങിയ ജീവിതം ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഒരു 22 ഇയര്‍ ചലഞ്ച് എന്ന് തന്നെ പറയാം ആര്‍മിയില്‍ ക്യാപ്റ്റനായ ശ്രീറാമിന്‍റെയും ഡോക്ടറായ ആര്യാശ്രീയുടെയും വിവാഹം. ഈ അപൂര്‍വ്വ വിവാഹകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Advertisements

ആ കുട്ടി കല്യാണത്തിന്റെ കഥ ഡോ. ദീപ സന്ദീപ് പറയുന്നത് ഇങ്ങനെ:

വിവാഹം എല്‍കെജി ക്ലാസില്‍ നടക്കുന്നു. ഇതാണ് ഞാന്‍ മുമ്പു പറഞ്ഞ 22 ഇയര്‍ ചലഞ്ച്:

കഥ ഇങ്ങനെ: വര്‍ഷങ്ങള്‍ക്കപ്പുറം ഒരിക്കല്‍ കൊച്ചി എസ്ഡിപിവൈ സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അധ്യാപികമാര്‍ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.

ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികള്‍ക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു. രണ്ടാളെയും ഒരേ ക്ലാസില്‍ ചേര്‍ക്കുന്നു.

സ്‌കൂള്‍ ആനിവേഴ്‌റി വന്നപ്പോള്‍ സ്‌കൂളിലെ ഡാന്‍സ് മാസ്റ്ററായ റഷീദ് സാര്‍ ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ എന്നൊരു കോമഡി സ്‌കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരന്‍ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

അതീവ രസകരമായി സ്‌കിറ്റ് അരങ്ങേറുന്നു. (ഞാന്‍ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ… എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോര്‍ന്ന വരന്‍ നിലവിളിച്ചുവെങ്കിലും..! ) പരിപാടി കഴിഞ്ഞയുടന്‍ ടീച്ചര്‍ വധുവിനെ സ്റ്റേജില്‍ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാന്‍.

വിവാഹത്തില്‍ സംബന്ധിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പന്‍, സാരി ഉള്‍പ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു. പിറ്റേന്നു മുതല്‍ ചെക്കന്‍ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.

വര്‍ഷങ്ങള്‍ കഴിഞ്ഞു.ചെക്കന്‍ എന്‍ഡിഎ ടെസ്റ്റ് എഴുതി ആര്‍മിയില്‍ ക്യാപ്റ്റന്‍ ആയി .ങആആട നാലാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ എആ യില്‍ തപ്പിയെടുത്ത് ‘ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ ‘എന്നു ചോദിക്കുന്നു.. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു.

വീട്ടുകാര്‍ പേര്‍ത്തും പേര്‍ത്തും ചിന്തിച്ചിട്ട് ഒടുവില്‍ ,റഷീദ് സാര്‍ കൂട്ടിച്ചേര്‍ത്തത് ഇനി നമ്മളായിട്ട് വേര്‍പിരിക്കണ്ടാ ‘എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു.

അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവര്‍ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു. ഡോ. ആര്യശ്രീ & ക്യാപ്റ്റന്‍ ശ്രീറാം.

‘ഒരു പട്ടാളക്കാരന്റെ കല്യാണം’ വീണ്ടും അരങ്ങേറിയപ്പോള്‍ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു.

റഷീദ് സാര്‍ വേദിയില്‍ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശീര്‍വ്വദിക്കുകയും ചെയ്തു. (ഇനി ഇമ്മാതിരി നാടകങ്ങള്‍ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!) അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിര്‍ഭാഗ്യവശാല്‍ പൊളിഞ്ഞുപോയി.

എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത, ഹാന്‍ഡ് മെയ്ഡ് എംബ്രോയ്ഡറി വര്‍ക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി.

രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തില്‍ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം !’

Advertisement