ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനുമായുള്ള മൽസരത്തിൽ ജയിച്ചെങ്കിലും തീർത്തും മങ്ങിപ്പോയ പ്രകടനത്തിന്റെ ആശങ്കകൾക്ക് നടുവിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ. ലോകകപ്പ് ക്രിക്കറ്റിൽ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ വെസ്റ്റിൻഡീസാണ് എതിരാളി.
പകൽ മൂന്നിന് ഓൾഡ് ട്രാഫോഡിലാണ് പോരാട്ടം. അഫ്ഗാനിസ്ഥാനെതിരായ മത്സരം വിരാട് കോഹ്ലിക്കും കൂട്ടർക്കും വലിയ പാഠങ്ങളാണ് നൽകിയത്. 11 റണ്ണിന് കഷ്ടിച്ച് ജയിച്ച കളി ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. അതിനാൽ ടീം പരീക്ഷണങ്ങൾക്ക് തയ്യാറാകുമെന്നാണ് വിലയിരുത്തൽ. വിജയ് ശങ്കറിന് പകരം നാലാം നമ്പറിൽ ഋഷഭ് പന്തെത്താൻ ഇടയുണ്ട്.
അപരാജിതരായാണ് ഇന്ത്യ എത്തുന്നത്. അഞ്ച് കളിയിൽ ഒമ്പത് പോയിന്റുമായി മൂന്നാമതാണ്. വിൻഡീസിനെതിരെ ജയം പിടിച്ചാൽ സെമി സാധ്യത ഉറയ്ക്കും. ഇന്ത്യക്കിന്ന് യഥാർഥ പരീക്ഷണമാണ്. അഫ്ഗാനെതിരെ പരാജയപ്പെട്ട മധ്യനിരയ്ക്ക് വിശ്വാസം തെളിയിച്ചേ മതിയാകൂ. കോഹ്ലിക്ക് മാത്രമാണ് അഫ്ഗാൻ ബൗളർമാർക്കുമേൽ ആധിപത്യം പുലർത്താനായത്.
രോഹിത് ശർമയും ലോകേഷ് രാഹുലും പെട്ടെന്ന് മടങ്ങിയാൽ നായകനൊഴികെ മറ്റാർക്കും ടീമിനെ കരകയറ്റാനാകുന്നില്ല. മഹേന്ദ്രസിങ് ധോണിയാണ് തീർത്തും മങ്ങുന്നത്. അഫ്ഗാൻ ബൗളർമാർക്കെതിരെ ശരിക്കും വിയർത്തു ധോണി. ശിഖർ ധവാന്റെ കുറവും ബാധിക്കുന്നുണ്ട്. ലോകേഷ് രാഹുലിന് എളുപ്പത്തിൽ റണ്ണെടുക്കാനാകുന്നില്ല. നാലാം നമ്പറിലെ ആശങ്ക ഇതേവരേ പരിഹരിക്കപ്പെട്ടിട്ടില്ല.
രാഹുൽ ഓപ്പണറായതോടെ ശങ്കറിനായിരുന്നു അവസാന രണ്ട് കളിയിലും അവസരം നൽകിയത്. എന്നാൽ അഫ്ഗാനെതിരെ തമിഴ്നാട്ടുകാരന് ഒന്നും ചെയ്യാനായില്ല. ഈ അവസരത്തിലാണ് പന്തിനെ പരീക്ഷിക്കാൻ സാധ്യതയേറുന്നത്. റൺനിരക്ക് കുറയാതെ ബാറ്റ് വീശാൻ മിടുക്കനാണ് ഇടംകൈയൻ. അവസാന ഓവറുകളിൽ വമ്പനടി നടത്തുകയും ചെയ്യും.
പേസർമാരുടെ പ്രകടനമാണ് ആശ്വാസം. ഒന്നാംനമ്പർ ബൗളർ ജസ്പ്രീത് ബുമ്രയും ഭുവനേശ്വറിന്റെ പകരക്കാരൻ മുഹമ്മദ് ഷമിയുമാണ് അഫ്ഗാനെതിരെ ജയം പിടിച്ചത്. പക്വതയോടെ ഇരുവരും പന്തെറിഞ്ഞു. അവസാന ഓവറിൽ ഷമിയുടെ ഹാട്രിക്കാണ് ടീമിനെ രക്ഷിച്ചത്. പാകിസ്ഥാനെതിരെ പരിക്കേറ്റ് മടങ്ങിയ ഭുവനേശ്വർ പരിശീലനത്തിനിറങ്ങിയിരുന്നു. ഇന്ന് ഭുവി തിരികെയെത്തുമോ എന്ന കാര്യത്തിൽ സൂചനകളൊന്നുമില്ല.
സതാംപ്ടണിൽ അഫ്ഗാൻ സ്പിന്നർമാരായ റഷീദ് ഖാനും മുഹമ്മദ് നബിയും ഒന്നാന്തരമായി പന്തെറിഞ്ഞപ്പോൾ ഇന്ത്യയുടെ കൈക്കുഴ സ്പിന്നർമാരായ യുശ്വേന്ദ്ര ചഹാലിനും കുൽദീപ് യാദവിനും തിളങ്ങാനായില്ല. പിച്ചിന്റെ സ്വഭാവം മുതലെടുക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടു.
നന്നായി കളിച്ചിട്ടും അവസാന നിമിഷങ്ങളിൽ കളി കൈവിടുന്ന വിൻഡീസിനെയാണ് ഇംഗ്ലണ്ടിൽ കാണുന്നത്. ആറ് കളിയിൽ മൂന്ന് പോയിന്റാണ് അവരുടെ സമ്പാദ്യം. അവസാന നാലിൽ ഇടംപിടിക്കാൻ ബാക്കിയുള്ള കളികൾ ജയിക്കണം.
മറ്റ് മത്സരഫലങ്ങളും ആശ്രയിക്കണം. അവസാന കളിയിൽ ന്യൂസിലൻഡിന് മുന്നിൽ അഞ്ച് റണ്ണിനായിരുന്നു കരീബിയക്കാർ വീണത്. കാർലോസ് ബ്രത്വെയ്റ്റിന്റെ ഒറ്റയാൾ പേരാട്ടം ടീമിനെ നയിച്ചു. ആന്ദ്രേ റസെൽ പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. കുത്തി ഉയരുന്ന പന്തുകളെറിയാൻ മിടുക്കൻമാരാണ് വിൻഡീസ് പേസർമാർ. ഷെൽഡൺ കോട്രേല്ലും ഓഷെയ്ൻ തോമസും ബൗളിങ് നയിക്കും. ബാറ്റിങ്ങിൽ ക്രിസ് ഗെയ്ൽ പൂർണ ശോഭയിലെത്തിയിട്ടില്ല.
ഇരുടീമുകളും ലോകകപ്പിൽ എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് ജയം നേടിയ ഇന്ത്യക്കാണ് കണക്കിൽ മുൻതൂക്കം. വിൻഡീസ് മൂന്ന് കളി ജയിച്ചു.
സാധ്യതാ ടീം: ഇന്ത്യ- വിരാട് കോഹ്ലി, രോഹിത് ശർമ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, മഹേന്ദ്രസിങ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യൂശ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.
വിൻഡീസ്- ജാസൺ ഹോൾഡർ, എവിൽ ലൂയിസ്, ക്രിസ് ഗെയ്ൽ, ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ, നിക്കോളാസ് പൂരൻ, കാർലോസ് ബ്രത്വെയ്റ്റ്, ഷെൽഡൺ കോട്രേൽ, ഓഷെയ്ൻ തോമസ്, ഡാരൻ ബ്രാവോ, ആഷ്ലി നേഴ്സ്.
            








