ചരിത്രനേട്ടത്തിന് അരികെ ആർ അശ്വിൻ, ഇതിഹാസങ്ങൾ പിന്നിലാകും: എല്ലാ കണ്ണുകളും മൊട്ടേരയിലെ മൂന്നാം ടെസ്റ്റിലേക്ക്

33

അഹമ്മദാബാദിലെ മൊട്ടേറയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഫെബ്രുവരി 24ന് ആരംഭിക്കുകയാണ്. ഇംഗ്ലണ്ടിന് എതിരായ ഈ പരമ്പരയിലെ പിങ്ക് ബോൾ മത്സരമാണിത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന മൽസരമാണ് ഇത്.

ഇന്ത്യൻ സൂപ്പർ താരം ആർ.അശ്വിനെ കാത്ത് ഈ ടെസ്റ്റിൽ ഒരു റെക്കോഡും ഇരിപ്പുണ്ട്. മത്സരത്തിൽ ആറ് വിക്കറ്റ് നേടനായാൽ ആ റെക്കോഡിൽ അശ്വിനെത്താം. ഏറ്റവും കുറവ് ടെസ്റ്റുകളിൽ 400 വിക്കറ്റ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബോളറെന്ന നേട്ടത്തിലേക്കാണ് അശ്വിൻ അടുക്കുന്നത്.

Advertisements

നിലവിൽ 76 ടെസ്റ്റുകളിൽ നിന്നാണ് അശ്വിൻ 394 വിക്കറ്റുകൾ വീഴ്ത്തിയിരിക്കുന്നത്. അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആറു വിക്കറ്റുകൾ കൂടി നേടാനായാൽ അശ്വിന്റെ വിക്കറ്റ് നേട്ടം 400 ലെത്തും.
72 ടെസ്റ്റുകളിൽ നിന്ന് 400 വിക്കറ്റുകൾ നേടിയ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയവരിൽ ഒന്നാമൻ.

ന്യൂസീലൻഡിന്റെ റിച്ചാർഡ് ഹാഡ്‌ലീയേയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്‌നിനെയുമാണ് അശ്വിൻ മറികടക്കുക. ഇരുവരും 80 ടെസ്റ്റുകളിൽ നിന്നാണ് 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. അതോടൊപ്പം 400 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ആറാമത്തെ സ്പിന്നർ എന്ന നേട്ടവും നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും അശ്വിനെ കാത്തിരിപ്പുണ്ട്.

കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് എന്നിവരാണ് അശ്വിനു മുമ്പേ 400 കടന്ന ഇന്ത്യൻ താരങ്ങൾ. അതേ സമയം 2012ന് ശേഷം മൊട്ടേറയിൽ നടക്കുന്ന ആദ്യ മത്സരമാണിത്. സ്റ്റേഡിയം പുതുക്കി പണിതതോടെ പിച്ചിന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മൊട്ടേറയിലെ മൈതാനം സ്പിന്നിനും പേസിനും അനുകൂലമാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

രണ്ട് പിച്ച് മൊട്ടേറയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കിയത്. ഇതിൽ ഒന്ന് പേസിനെയും രണ്ടാമത്തേത് സ്പിന്നിനെയും പിന്തുണയ്ക്കുന്നതാണ്. ഇതിൽ ഇന്ത്യ സ്പിൻ പിച്ച് തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.

Advertisement