ടീം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തണമെങ്കിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടി വരും. ധോണിയുടെ ഐപിഎൽ പ്രകടനം അനുസരിച്ചാകും അദ്ദേഹത്തെ വരാൻ പോകുന്ന ടി20 ലോക കപ്പിൽ ഇന്ത്യയ്ക്കായി പരിഗണിയ്ക്കണമോയെന്ന് തീരുമാനിക്കുകയെന്ന് പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി.
ഇതാടെ ഏകദിന ടീമിൽ ഇനി ധോണിയുണ്ടാകില്ലെന്ന സൂചന കൂടി നൽകിയാണ് ശാസ്ത്രി ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതോടെ ടീം ഇന്ത്യയ്ക്കായി ടി20 എങ്കിലും കളിക്കണമെങ്കിൽ ധോണിയ്ക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. ധോണിയുടെ കാര്യം ഐപിഎല്ലിൽ അദ്ദേഹത്തിന്റെ പ്രകടനം അനുസരിച്ചാകും തീരുമാനിക്കുക.
ധോണിയുടെ പകരക്കാർ വിക്കറ്റിന് പിന്നിലും മുന്നിലും നടത്തുന്ന പ്രകടനം വിലയിരുത്തും. ടി20 ലോക കപ്പ് ആരെല്ലാം കളിയ്ക്കുമെന്ന കാര്യത്തിൽ ഈ ഐപിഎൽ നിർണായക പങ്ക് വഹിക്കും. കാരണം ലോക കപ്പിന് മുമ്പിലുളള അവസാന ടൂർണമെന്റാണ് ഐപിഎൽ’ ശാസ്ത്രി പറഞ്ഞു.
ധോണിയുടെ പകരക്കാരനായി റിഷഭ് പന്തിനെയാണ് ഇപ്പോൾ ടീം ഇന്ത്യ പരിഗണിയ്ക്കുന്നത്. പന്തിന്റെ മോശം ഫോം ടീം ഇന്ത്യയ്ക്ക് നിലവിൽ തലവേദനയാണ്. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങളും ധോണിയുടെ പകരക്കാരായി ടീം ഇന്ത്യ മത്സരരംഗത്തുണ്ട്.