ഹാമിൽട്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമ്മയുടെ പ്രകടനത്തിനൊപ്പം നിർണായകമായത് മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണ്. 20-ാം ഓവറിൽ ന്യൂസീലൻഡിന് വിജയിക്കാൻ ഒമ്പത് റൺസ് മാത്രം മതിയായിരുന്നു. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിലുള്ള കെയ്ൻ വില്ല്യംസണും റോസ് ടെയ്ലറും.
ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ സിംഗിളും വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ ഷമി വില്ല്യംസണിന്റെ വിക്കറ്റെടുത്തു. പിന്നീട് അവസാന പന്തിൽ റോസ് ടെയ്ലറെ ബൗൾഡാക്കി മത്സരം സൂപ്പർ ഓവറിലെത്തിച്ചു. ഈ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇതോടെ രോഹിതിനൊപ്പം ഷമിയും ഇന്ത്യയുടെ ഹീറോ ആയി. ഇതിന് പിന്നാലെ ഷമിയുടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു വി സാംസൺ. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലാണ് സഞ്ജു വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന സംഭാഷണം മുഹമ്മദ് ഷമിയെകൊണ്ട് പറയിപ്പിച്ചിരിക്കുകയാണ് സഞ്ജു.
ടേബിൾ ടെന്നീസ് കളിക്കുന്നതിനിടയിലാണ് ഷമി കുമ്പളങ്ങി നൈറ്റ്സിലെ ഡയലോഗ് പറയുന്നത്. ഒരു ഷോട്ട് അടിച്ച ശേഷം സിനിമയിൽ പറയുന്നതുപോലെ ‘ഷമ്മി ഹീറോയാടാ ഹീറോ…!’ എന്നാണ് ഷമി വീഡിയോയിൽ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. പരമ്പര വിജയത്തിൽ ഇന്ത്യൻ ടീമിനേയും ഷമിയേയും അഭിനന്ദിച്ചാണ് സഞ്ജു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
            








