ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയ്ക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ അടുക്കലെത്തുന്നത്. ചെന്നൈയിലെ തന്റെ വീട്ടിലാണ് ഭാനുപ്രിയ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയില്‍ പറയുന്നു.
ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നല്‍കിയതായി സമാല്‍കോട്ടേ സ്റ്റേഷന്‍ എസ്.ഐ ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നു.
ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നാണ് നടി പോലീസിനോട് വ്യക്തമാക്കിയത്.