വളരെ മോശം, ഇത്രക്കും പ്രതീക്ഷിച്ചില്ല; ന്യൂസിലന്‍ഡില്‍ നാണംകെടുത്തിച്ച ബാറ്റ്സ്മാന്മാര്‍ക്ക് എതിരെ ആഞ്ഞടിച്ച് രോഹിത് ശര്‍മ

30

ഹാമിള്‍ട്ടണ്‍: തന്റെ 200ാം ഏകദിനത്തിനിറങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ന്യൂസിലന്‍ഡ് സമ്മാനിച്ചത് നാണക്കേടിന്റെ ഓര്‍മ്മകള്‍ മാത്രമാണ്. എട്ട് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. പരാജയത്തേക്കാള്‍ പരാജയപ്പെട്ട രീതിയാകും രോഹിത്തിനെ വേട്ടയാടുക. 92 റണ്‍സിനായിരുന്നു ഇന്ത്യ പുറത്തായത്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ ടോട്ടലാണിത്.

Advertisements

നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം.എസ്.ധോണിയുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും ഇത്ര മോശം പ്രകടനമല്ല ഇന്ത്യയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. പരാജയത്തില്‍ ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനത്തെയാണ് രോഹിത് വിമര്‍ശിച്ചത്.

‘സമീപകാലത്തെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം. ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത്. ഗംഭീര പ്രകടനം കാഴ്ച വച്ച ന്യൂസിലന്‍ഡ് ബോളര്‍മാരെ അഭിനന്ദിക്കണം. അവരില്‍ നിന്നും നമ്മള്‍ക്ക് പഠിക്കാനുണ്ട്’ മത്സരശേഷം രോഹിത് പറഞ്ഞു. മോശം ഷോട്ടുകളും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വന്നതുമാണ് ബാറ്റ്‌സ്മാന്മാര്‍ക്ക് വിനയായതെന്നും രോഹിത് പറഞ്ഞു.

പന്ത് സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകും, അത്തരം സാഹചര്യങ്ങളില്‍ സ്വയം പരിഹരിച്ച് വേണം കളിക്കേണ്ടതെന്നും രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഏറ്റവും മികച്ചത് തന്നെ നല്‍കണമെന്നും താനടക്കമുള്ള ബാറ്റ്‌സ്മാന്മാരോടായി രോഹിത് പറഞ്ഞു.

ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ കിവികള്‍ എട്ട് ഓവര്‍ ബാക്കി നില്‍ക്കെ കളി ജയിക്കുകയായിരുന്നു. 212 പന്ത് ബാക്കി നില്‍ക്കെയാണ് ഹാമിള്‍ട്ടണില്‍ ന്യൂസിലന്‍ഡിന്റെ വിജയം. നായകന്‍ വിരാട് കോഹ്‌ലിയും എം.എസ്.ധോണിയും ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്. അപ്പോഴും രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ നിന്നും തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല.

കിവീസ് നിരയില്‍ ഗുപ്റ്റിലിനേയും കെയിന്‍ വില്യംസണിനേയും മാത്രമാണ് ഇന്ത്യയക്ക് പുറത്താക്കാനായത്. രണ്ട് പേരേയും ഭുവനേശ്വര്‍ കുമാറാണ് മടക്കിയത്. ഓപ്പണര്‍ ഹെന്റി നോക്കള്‍സ് 30 റണ്‍സുമായും റോസ് ടെയ്‌ലര്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് കിവീസിന് വിജയം ഒരുക്കിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ടോപ് സ്‌കോറര്‍ 18 റണ്‍സ് നേടിയ ചാഹലാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 92 റണ്‍സിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ കരുത്ത് കാട്ടിയ ബാറ്റിങ് നിര തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ഹാമിള്‍ട്ടണില്‍ കണ്ടത്. നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ന്യൂസിലന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി.

സാവധാനം സ്‌കോറിങ് ആരംഭിച്ച ഇന്ത്യക്ക് ടീം സ്‌കോര്‍ 21 ല്‍ നില്‍ക്കെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. പിന്നാലെ തന്നെ രോഹിത് ശര്‍മ്മയും മടങ്ങി. അക്കൗണ്ട് തുറക്കാതെയായിരുന്നു ദിനേശ് കാര്‍ത്തിക്കും അമ്പാട്ടി റായിഡുവും ക്രീസ് വിട്ടത്. അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ ഒമ്പത് റണ്‍സിന് പുറത്തായി.

Advertisement