ശബരിമല സ്ത്രീപ്രവേശന വിധിക്ക് സ്‌റ്റേ, ഇതാണ് സത്യം

21

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്‌റ്റേ ഇല്ല. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.എന്നാല്‍ വിധി സ്‌റ്റേ ചെയ്തു എന്ന തരത്തിലാണ് ചില പ്രചാരണങ്ങള്‍ നടക്കുന്നത്.

Advertisements

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിച്ചശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനാണ് കോടതി തീരുമാനം. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

49 റിവ്യൂ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. അഭിഭാഷകനായ വിജയ് ഹന്‍സിരയിയാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നുസംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തുകയായിരുന്നു.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ്, ബി. രാധാകൃഷ്ണ മേനോന്‍ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികളും എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുള്‍പ്പെടെ 29 സംഘടനകളുമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

Advertisement