കേരള ഭക്ഷണം കഴിക്കാൻ ലീഡ്‌സിലെ തറവാട് റസ്റ്ററന്റിലെത്തി കോഹ്ലിയും അനുഷ്‌കയും: വയറു നിറയെ കഴിച്ചത് അപ്പവും മുട്ട റോസ്റ്റും

21

ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിലേക്ക് ഇനി ഒരു സെമിഫനലിന്റെ ദൂരം മാത്രം. നാളെ നടക്കുന്ന ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ഫൈനലിലേക്ക് കടക്കും. ഇന്ത്യയുടെ ഫൈനൽ പ്രവേശനം കാണാനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശർമയും എത്തിയിട്ടുണ്ട്.

പ്രാഥമിക ഘട്ടത്തിലെ ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അവസാന മത്സരം കാണാൻ ലീഡ്‌സിലും അനുഷ്‌ക എത്തിയിരുന്നു. ലീഡ്‌സിലെത്തിയ അനുഷ്‌ക ശർമ്മയെ കേരള രുചിക്കൂട്ട് നുണയാനായി കോഹ്ലി കൊണ്ടുപോയത് പ്രശസ്തമായ തറവാട് റസ്റ്ററന്റിലേക്കായിരുന്നു.

Advertisements

ലീഡ്സിൽ മലയാളികൾ നടത്തുന്ന ഈ റസ്റ്ററന്റിൽ തനത് കേരള വിഭവങ്ങളെല്ലാം ലഭ്യമാണ്. വൈകുന്നേരം 7 മണിയോടുകൂടിയാണ് കോഹ്ലിയും അനുഷ്‌കയും റസ്റ്ററന്റിലെത്തിയത്. അപ്രതീക്ഷിതമായി എത്തിയ ഇരുവരെയും കണ്ട് ഹോട്ടൽ ജീവനക്കാർ ശരിക്കും ഞെട്ടി. വളരെ സാധാരണക്കാരനായ കസ്റ്റമറിനെപ്പോലെയാണ് കോഹ്ലി പെരുമാറിയത്.

റസ്റ്ററന്റിലെ പ്രശസ്ത വിഭവമായ കാരണവർ മസാലദോശയാണ് ഇരുവരും ആദ്യം കഴിച്ചത്. അതിനുശേഷം താലി മീൽസും കേരളത്തിന്റെ തനത് വിഭവമായ അപ്പവും മുട്ടറോസ്റ്റും കഴിച്ചു. ഭക്ഷണ ശേഷം ഹോട്ടലിലെ ജീവനക്കാർക്കും മറ്റുളളവർക്കും ഒപ്പം ഫോട്ടോയെടുത്താണ് ഇരുവരും മടങ്ങിയത്.

2014 ൽ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോഴാണ് കോഹ്ലി ആദ്യമായി തറവാട് റസ്റ്ററന്റിലെത്തി ഭക്ഷണം കഴിച്ചത്. കഴിഞ്ഞ തവണ ചാമ്ബ്യൻസ് ട്രോഫി മത്സരങ്ങൾക്കായി എത്തിയപ്പോഴും കോഹ്ലി ഇവിടെ വന്നിരുന്നു.

ഇത്തവണത്തെ ലോകകപ്പ് സെഫിഫൈനലിലെ ആദ്യ മത്സരമാണ് നാളെ മാഞ്ചസ്റ്ററിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്നത്. രണ്ടാം സെമിഫൈനൽ 11ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ്. ബർമിങ്ങാമിലാണ് മത്സരം. 14 നാണ് ലോകകപ്പ് ഫൈനൽ മത്സരം.

Advertisement