എഴുതുമ്പോൾ മനസ്സിൽ ഉറപ്പിച്ചത് മമ്മൂട്ടി അല്ലെങ്കിൽ സുരേഷ് ഗോപി, പക്ഷേ ആ വേഷം അന്ന് മുരളിക്ക് കൊടുത്തു, സിനിമ വൻവിജയം, സംഭവം ഇങ്ങനെ

6020

ശക്തമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിലെ മികച്ച നടൻമാരിൽ ഒരാളായി തിളങ്ങിനിന്ന താരമായിരുന്നു മുരളി. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമെല്ലാം അദ്ദേഹം മലയാളത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ച നടനായിരുന്നു മുരളി.

ഇന്നും പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്നവയാണ് മുരളി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം. വിവിധ ഭാഷകളിലായി 150ലധികം സിനിമകളിൽ മുരളി അഭിനയിച്ചിരുന്നു. നെയ്ത്തുകാരൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു.

Advertisements

അത് സമയം മുരളിയുടെ കരിയറിൽ ഇറങ്ങിയ മികച്ച സിനിമകളിലൊന്നായിരുന്നു ലാൽസലാം. വേണു നാഗവളളി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മുരളി, ഗീത, ഉർവ്വശി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. സ്റ്റീഫൻ നെട്ടൂരാനായി മോഹൻലാൽ എത്തിയ ചിത്രത്തിൽ ഡികെ ആന്റണി എന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചിരുന്നത്.

ചെറിയാൻ കൽപ്പകവാടിയുടെ കഥയിലാണ് വേണു നാഗവളളി ലാൽസലാം അണിയിച്ചൊരുക്കിയത്. രാഷട്രീയ പശ്ചാത്തലത്തിലുളള സിനിമയിൽ മികച്ച പ്രകടനമാണ് മോഹൻലാലിനൊപ്പം മുരളിയും കാഴ്ചവെച്ചത്. നൂറ്റമ്പതിലധികം ദിവസമാണ് ലാൽ സലാം കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്.

അതേസമയം ലാൽസലാം സിനിമയിലേക്ക് മുരളിയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ഒരഭിമുഖത്തിൽ തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന വേഷത്തിന് അവസാനം നറുക്കുവീണത് മുരളിക്കാണെന്ന് തിരക്കഥാകൃത്ത് പറയുന്നു.

ചെറിയാൻ കൽപ്പകവാടിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ പട്ടത്ത് താമസിക്കുന്ന സമയത്ത് തൊട്ടടുത്ത ഫ്ളാറ്റിലായിരുന്നു മുരളി താമസിച്ചിരുന്നത്. അന്ന് മുരളി ചെറിയ റോളുകൾ ചെയ്തുകൊണ്ടു നിൽക്കുന്ന സമയമായിരുന്നു. അന്ന് പുളളിക്ക് ഫോൺ പോലും എന്റെ ഫോൺ നമ്പറായിരുന്നു. മുരളിയുടെ ഡേറ്റിന് ആൾക്കാര് വിളിക്കുമ്പോ ഞാനാ ഫോൺ എടുക്കുന്നേ.

അങ്ങനെയൊരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. അപ്പോഴാണ് ലാൽസലാം എഴുതപ്പെടുന്നത്. അന്ന് വേണുചേട്ടൻ എന്റെ മുറിയിൽ വരുന്നു, ഞങ്ങളുടെ എഴുത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് മുരളി വരുന്നത്. മുരളി സഖാവാണ് ഈ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളും കഥകളുമെല്ലാം മുരളിക്ക് അറിയാം.

മുരളി വിചാരിച്ചിരുന്നില്ല അന്നൊന്നും മുരളി അഭിനയിക്കുമെന്ന്. ഞങ്ങളും വിചാരിക്കുന്നില്ല. നെട്ടുരാന്റെ ക്യാരക്ടറിൽ മോഹൻലാലും ഡികെ ആന്റണിയായി ഒന്നുകിൽ മമ്മൂട്ടിയോ അല്ലെങ്കിൽ സുരേഷ് ഗോപിയോ അങ്ങനെയാണ് മനസിലുണ്ടായിരുന്നത്. അന്ന് അങ്ങനെയെ ചിന്തിക്കാൻ ഒക്കത്തുളളു.

ടിവി തോമസിനെ ഓർമ്മിപ്പിക്കുന്ന, അതുപോലെ ഒരു വലിയ ക്യാരക്ടറല്ലേ. അപ്പോ എഴുതിവരട്ടെ നോക്കാം. അപ്പോഴും മമ്മൂട്ടിയും സുരേഷ് ഗോപിയും തന്നെയായിരുന്നു ഞങ്ങളുടെ മനസിൽ. അപ്പോ ഈ സമയത്ത് മുരളി ഇങ്ങനെ കയറി ഇറങ്ങി പോയികൊണ്ടിരിക്കുകയാണ്. അന്ന് മുരളി നൂറ് ശതമാനം സഖാവാണ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുഴുവൻ മനസിലുളള ആളല്ലേ. അതിന്റെ ബോഡി ലാംഗ്വേജും, അതിന്റെ പറയുന്ന ലാംഗ്വേജും വാക്കുകളുമെല്ലാം പുളളിക്ക് അറിയാം. അപ്പോ അന്ന് ഏതോ ഒരു നിമിഷം മുരളി വന്നിട്ടങ്ങ് പോയി. ഞാൻ വൈകുന്നേരം വരാം നിങ്ങളുടെ എഴുത്ത് നടക്കട്ടെ എന്ന് പറഞ്ഞു.

അങ്ങനെയിരിക്കെ ഞാൻ വേണുചേട്ടനോട് ചോദിച്ചു. നമുക്ക് ഡികെ ആന്റണി എന്ന കഥാപാത്രം മുരളിക്ക് കൊടുത്താലോ എന്ന്. അപ്പോ വേണുചേട്ടനും പറഞ്ഞു, ഞാനും അത് പറയാൻ തുടങ്ങുവാരുന്നു എന്ന്. അന്ന് ഭയങ്കര റിസ്‌കാണ് എടുത്തതെങ്കിലും മുരളി കുറെ നല്ല സിനിമകൾ ചെയ്തിട്ടുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾക്കൊക്കെ അറിയാം. എന്നാൽ ധൈര്യം കാണിക്കണം. വൈകുന്നേരം ആയപ്പോ എന്ത് വന്നാലും ഈ ക്യാരക്ടറ് മുരളി തന്നെ ചെയ്താ മതിയെന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. അന്ന് ലാലും ഞങ്ങളുടെ തീരുമാനത്തെ അനുകൂലിച്ചു. അദ്ദേഹം വരട്ടെ നല്ലൊരു ആക്ടറല്ലെ എന്ന് പറഞ്ഞു. പിന്നാലെ മുരളി വൈകുന്നേരം വന്നപ്പോ മുരളിയാണ് ഇത് ചെയ്യുന്നതെന്ന് പറഞ്ഞു.

അപ്പോ ഞെട്ടികൊണ്ട് മുരളി പറഞ്ഞു ഞാനോ, മുരളി ത്രില്ലിലായി. കാരണം വലിയൊരു കഥാപാത്രമല്ലേ ചെയ്യുന്നത്. അങ്ങനെ മുരളിയുമായിട്ട് ആ സിനിമ ചെയ്തു. മുരളി ഗംഭീരമായിട്ട് പെർഫോം ചെയ്തു. മുരളി ഒരു വലിയ നടനായി അംഗീകരിക്കപ്പെട്ട സിനിമയായിരുന്നു ലാൽസലാം.

Advertisement