നസറുദ്ദീൻ ഷായെ മാറ്റി മോഹൻലാലിനെ പഞ്ചാഗ്നിയിൽ നായകനാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ

175

മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ആണ് ഹരിഹരൻ. വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുമായി ചേർന്ന് ശ്രദ്ധേയമായ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ ഹരിഹരൻ ഒരുക്കിയിട്ടുണ്ട്.

അമൃതം ഗമയ, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, സർഗ്ഗം, പഞ്ചാഗ്‌നി, പരിണയം, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് ഈ കൂട്ടുകെട്ട് സമ്മാനിച്ചു. മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നായി ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ മോഹൻലാൽ നായകനായ പഞ്ചാഗ്‌നി മാറിയിരുന്നു.

Advertisements

ഇപ്പോഴിതാ പഞ്ചാഗ്‌നി എന്ന സിനിമ സംഭവിച്ചതിനെ കുറിച്ചു അടുത്തിടെ ഹരിഹരൻ തുറന്ന് പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹരിഹരന്റെ വെളിപ്പെടുത്തൽ.

പഞ്ചാഗ്‌നി എന്ന ചിത്രത്തിന്റെ തിരക്കഥാ എംടി വാസുദേവൻ പൂർത്തിയാക്കിയപ്പോൾ കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം നസറുദ്ദീൻ ഷായെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. ചെറിയ ചർച്ചകൾക്ക് ശേഷം നസറുദ്ദീൻ ഷായെ സിനിമയിൽ കൊണ്ടു വരുകയും അഡ്വാൻസ് തുകയും കൈമാറുകയും ചെയ്തിരുന്നു.

ഹരിഹരന്റെ സുഹൃത്തായ വിജയകുമാർ ആ സമയത്ത് സെവൻ ആർട്സ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും പഞ്ചാഗ്‌നി സെവൻ ആർട്സിന്റെ ബാനറിൽ ഒരുക്കുവാൻ തീരുമാനിക്കുകയും ആയിരുന്നു. മോഹൻലാൽ സിനിമയിൽ ഒരു അവസരം ചോദിച്ചതായി വിജയകുമാർ ഹരിഹാരനോട് ആ അവസരത്തിൽ പറയുകയുണ്ടായി.

കാസ്റ്റിംഗ് എല്ലാം കഴിഞ്ഞതുകൊണ്ട് റോൾ പ്രതീക്ഷിക്കണ്ട എന്നായിരുന്നു ഹരിഹരന്റെ മറുപടി. പിന്നീട് മോഹൻലാൽ ചെന്നൈയിൽ വെച്ചു ഹരിഹരനെ കാണുവാൻ ഇടയായി. മോഹൻലാലിന്റെ സൗമ്യതയും പെരുമാറ്റവും ഹരിഹരനെ ഏറെ ആകർഷിക്കുകയും സിനിമയിൽ ഒരു റോൾ കൊടുക്കുവാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ജോർണലിസ്റ്റിന്റെ വേഷത്തിൽ മോഹൻലാലിനെ പരിഗണിക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ എംടി യെ വിളിച്ചു പറയുകയായിരുന്നു. അങ്ങനെ നസറുദ്ദീൻ ഷായ്ക്ക് വേണ്ടി വെച്ചിരുന്ന റോൾ അവസാനം മോഹൻലാലിലേക്ക് എത്തിച്ചേരുകയായിരുന്നു.

ചിത്രത്തിലെ നായികയായിരുന്ന ഗീതയുടെ കഥാപാത്രവും പ്രകടനവും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായാണ് ഇപ്പോഴും വിശേഷിപ്പിക്കുന്നത്. പഞ്ചാഗ്‌നി എന്ന ചിത്രം മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചുവെന്നും പിന്നീട് മലയാള സിനിമയിൽ വലിയ സൂപ്പർസ്റ്റാർ ആവാനും ചിത്രം സഹായിച്ചു എന്നും ഹരിഹരൻ സൂചിപ്പിക്കുകയുണ്ടായി.

Advertisement