നാല് സീനിയർ സംവിധായകർക്ക് ഡേറ്റ് നൽകി മമ്മൂട്ടി, 2020 ഉം മെഗാസ്റ്റാറിന്റെ വർഷമെന്ന് ആരാധകർ

31

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വർഷമായിരുന്നു 2019. മൂന്ന് ഭാഷകളിലും മികച്ച സിനിമകൾ ഇറക്കാൻ കഴിഞ്ഞ വർഷം. തമിഴിൽ പേരൻപ് തെലുങ്കിൽ യാത്ര,മലയാളത്തിൽ ഉണ്ട എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയെന്ന നടനെ നമുക്ക് ഈ വർഷവും കാണാൻ സാധിച്ചു. ഒപ്പം, മധുരരാജ, പതിനെട്ടാം പടി, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിലൂടെ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിനേയും ഒരുപോലെ മലയാള സിനിമ കാണുകയുണ്ടായി.

ഒരു അഭിനേതാവ് എന്ന നിലയിലും മെഗാസ്റ്റാർ എന്ന നിലയിലും ഏറ്റവും മികച്ച വർഷമാണ് മമ്മൂട്ടിക്ക് 2019. ഈ വർഷം ഇനി ഇറങ്ങാനിരിക്കുന്ന മാമാങ്കവും ചരിത്രമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. പുതുമുഖ സംവിധായകർക്കും ചെറുപ്പക്കാർക്കും അവസരം കൊടുക്കുന്നതിൽ മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന നടൻ ആണ് മമ്മൂട്ടി.

Advertisements

ഖാലിദ് റഹ്മാൻ (ഉണ്ട), രമേഷ് പിഷാരടി (ഗാനഗന്ധർവ്വൻ), മാമാങ്കം (പത്മകുമാർ) എന്നിവരുടെ ഒപ്പം മമ്മൂട്ടി ആദ്യമായിട്ടായിരുന്നു എത്തിയത്. എന്നാൽ അടുത്ത വർഷം അദ്ദേഹം കളമൊന്നു മാറ്റി ചവിട്ടുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാലോളം സീനിയർ സംവിധായകരോടൊപ്പം അടുത്ത വർഷം മമ്മൂട്ടി സഹകരിക്കും.

ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം മമ്മൂട്ടി സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന ഒരു ചിത്രമാണ് അടുത്ത വർഷം എത്തുന്നതിൽ ഒന്ന്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്‌തേ തീരൂ എന്ന വാശിയിലാണ് സത്യൻ അന്തിക്കാട്.
അതിനു ശേഷം കെ മധു ഒരുക്കുന്ന സേതു രാമയ്യർ സീരിസിലെ അഞ്ചാം ഭാഗം മമ്മൂട്ടി ചെയ്യും.

എസ് എൻ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിയുടെ ഓപ്പൺ ഡേറ്റ് ഉള്ള ജോഷിയാണ് അടുത്ത ആൾ. സജീവ് പാഴൂർ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അറിയിപ്പ് അടുത്ത വർഷം ഉണ്ടാകും.

ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ പോലത്തെ ചിത്രങ്ങൾ മമ്മൂട്ടിക്ക് ഒപ്പം ചെയ്ത ഹരിഹരനും ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ പ്ലാൻ ഉണ്ടെന്നു മാമാങ്കം ഓഡിയോ ലോഞ്ചിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രവും അടുത്ത വർഷം സംഭവിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏതായാലും 2020ഉം മമ്മൂട്ടിയുടെ വർഷമാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement